ന്യൂയോർക്ക്: ഇന്ത്യൻ വംശജയായ ബഹിരാകാശയാത്രിക സുനിത എൽ. വില്യംസ് വീണ്ടും ബഹിരാകാശത്തേക്ക്. 58-ാം വയസ്സിൽ മൂന്നാമത്തെ ബഹിരാകാശ യാത്രയ്‌ക്കൊരുങ്ങുകയാണ് സുനിത.രണ്ട് ബഹിരാകാശദൗത്യങ്ങളിലായി സുനിത വില്യംസ് ഇതുവരെ 322 ദിവസം ബഹിരാകാശത്ത് ചെലവഴിച്ചിട്ടുണ്ട്. 2006-ൽ ആയിരുന്നു ആദ്യ യാത്ര. 2012-ൽ രണ്ടാമത്തെ യാത്രയും നടത്തി. ഇപ്പോഴിതാ മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ബോയിങ്ങിന്റെ സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിന്റെ ആദ്യ പരീക്ഷണയാത്രയിലും ഇടം നേടിയിരിക്കുന്നു. ബോയിങ്ങിന്റെ സ്റ്റാർലൈനർ ബഹിരാകാശവാഹനത്തിന്റെ പരിശീലനയാത്രയിലാണ് ഇത്തവണ സുനിത ഭാഗമാകുന്നത്. നാൽപതാം വയസ്സിലായിരുന്നു ഇന്ത്യൻ വംശജയായ സുനിത വില്യംസിന്റെ ആദ്യ ബഹിരാകാശയാത്ര.
ഇതുവരെ ബഹിരാകാശത്ത് ചെലവഴിച്ചത് 322 ദിനരാത്രങ്ങൾ; ബഹിരാകാശം കണ്ട് കൊതിതീരാത്ത സുനിത വില്യംസ് വീണ്ടും പറക്കുന്നു; 58-ാം വയസ്സിൽ മൂന്നാം യാത്ര; ഇന്ത്യക്കാർക്ക് ഇത് അഭിമാന നിമിഷങ്ങൾ
മേയ് ആറിന് ഫ്‌ളോറിഡയിലെ കേപ് കാനവെറൽ വിക്ഷേപണത്തറയിൽ നിന്ന് സുനിത വില്യംസ് തന്റെ മൂന്നാമത്തെ ബഹിരാകാശയാത്ര ആരംഭിക്കും. നാസയിലെ ബുച്ച് വിൽമോറും സ്റ്റാർലൈനറിൽ സുനിതയ്ക്കൊപ്പമുണ്ടാകും. മനുഷ്യരുമായി സ്റ്റാർലൈനർ നടത്തുന്ന ആദ്യ പരീക്ഷണയാത്രയാണിത്. വാണിജ്യാവശ്യങ്ങൾക്ക് സ്റ്റാർലൈനർ ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് നാസയുമായിച്ചേർന്നുള്ള ഈ പരീക്ഷണം. ബോയിങ്ങിന്റെ സി എസ് ടി-100 സ്റ്റാർലൈനർ ബഹിരാകാശവാഹനം യാത്രയ്ക്കായി തയാറെടുപ്പ് തുടങ്ങി. യുണൈറ്റഡ് ലോഞ്ച് അലയൻസിന്റെ അറ്റ്‌ലസ് 5 റോക്കറ്റിലാണ് പേടകം ബഹിരാകാശത്ത് എത്തിക്കുന്നത്. നാസയിലെ ബഹിരാകാശ യാത്രികനായ ബുച്ച് വിൽമോറും സുനിതയ്‌ക്കൊപ്പമുണ്ട്. ഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷനിൽ ഒരാഴ്ചയോളം തുടരും. ഈ പരീക്ഷണ പറക്കലിന്റെ വിജയത്തിനുശേഷം ബോയിങ് സ്റ്റാർലൈനറിനെ ഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷനിലേക്കുള്ള യാത്രാദൗത്യങ്ങളുടെ ഭാഗമാക്കി നാസ സർട്ടിഫൈ ചെയ്യും.