ബ്രസല്‍സ്: മദ്യപിക്കാതെ മദ്യപിച്ചു വാഹനമോടിച്ചെന്ന കേസിൽ യുവാവിനെ വെറുതെവിട്ട് കോടതി. ‘ഓട്ടോ ബ്രൂവറി സിന്‍ഡ്രോം’ (എബിഎസ്) എന്ന അപൂര്‍വ രോഗാവസ്ഥ കോടതിയില്‍ തെളിയിക്കാനായതിന് പിന്നാലെയാണ് യുവാവ് കുറ്റവിമുക്തനായത്. ബെല്‍ജിയം ബൂഷ് സ്വദേശിയായ 40കാരനാണ് നടപടി നേരിട്ടത്. ശരീരം സ്വയം ആല്‍ക്കഹോള്‍ ഉത്പാദിപ്പിക്കുന്ന അപൂര്‍വാസ്ഥയാണ് ‘ഓട്ടോ ബ്രൂവറി സിന്‍ഡ്രോം’.
ലോകത്താകെ ഇരുപതോളം പേര്‍ക്ക് മാത്രം കണ്ടുവരുന്ന രോഗാവസ്ഥയാണ് ഇതെന്നാണ് റിപ്പോർട്ട്. ബെല്‍ജിയത്തില്‍ മദ്യപിച്ച് വാഹനമോടിച്ചെന്ന കേസില്‍ പിടിയിലായ 40 കാരനും എബിഎസ് ആണെന്ന് അഭിഭാഷകര്‍ക്ക് കോടതിയില്‍ തെളിയിക്കാനായതാണ് കേസില്‍ നിര്‍ണായകമായത്. മൂന്ന് ഡോക്ടര്‍മാര്‍ ഇദ്ദേഹത്തെ പരിശോധിച്ച ശേഷമാണ് എബിഎസ് ആണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് കോടതി ഇത് അംഗീകരിച്ചതോടെയാണ് 40 കാരനെ കുറ്റവിമുക്തമാക്കിയത്.
മദ്യപിച്ച് വാഹനമോടിച്ചതിന് 2022 ഏപ്രിലിലാണ് ബ്രൂവറി ജീവനക്കാരനായ 40കാരനെതിരേ കേസെടുത്തത്. ബ്രത്ത് അനലൈസര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ 0.91 മില്ലിഗ്രാം ആയിരുന്നു റീഡിങ് കണ്ടെത്തിയത്. തുടര്‍ന്ന് ഒരുമാസത്തിന് ശേഷം നടത്തിയ പരിശോധനയില്‍ 0.71 മില്ലിഗ്രാമും റീഡിങ് കാണിച്ചു. ബ്രത്ത് അനലൈസറില്‍ 0.22 മില്ലിഗ്രാമില്‍ കൂടുതല്‍ റീഡിങ് കാണിച്ചാല്‍ മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം ചുമത്തി കേസെടുക്കാമെന്നാണ് ബെല്‍ജിയത്തിലെ നിയമം.