വയനാട്: റിസര്‍വേഷന്‍ ഇല്ലാത്ത സീറ്റില്‍ ആളെ കയറ്റി പണം മുക്കാന്‍ ശ്രമിച്ച കെഎസ്ആര്‍ടിസി കണ്ടക്ട്ടർ വിജിലൻസ് പിടിയിൽ. ഇന്നലെ ഉച്ചയ്ക്ക് 1.45 ന് ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട സ്കാനിയ മൾട്ടി ആക്സിൽ ബസിലാണ് സംഭവം. കെഎസ്ആര്‍ടിസി വിജിലൻസ് വയനാട് സ്ക്വാഡാണ് ക്രമക്കേട് കണ്ടെത്തിയത്. ബംഗളൂരു- തിരുവനന്തപുരം ബസിൽ 5 പേരാണ് ടിക്കറ്റില്ലാതെ യാത്ര ചെയ്തത്.
കെഎസ്ആര്‍ടിസി വിജിലൻസ് ഓഫീസറുടെ നിർദ്ദേശ പ്രകാരം നഞ്ചൻഗോഡ് വെച്ച് പരിശോധന നടത്തുകയായിരുന്നു. മൂന്ന് യാത്രക്കാർ കൽപ്പറ്റയ്ക്കും രണ്ട് പേർ കോഴിക്കോട്ടേക്കുമാണ് ടിക്കറ്റില്ലാതെ യാത്ര ചെയ്തത്. 3733 രൂപയായിരുന്നു ആകെ ടിക്കറ്റ് തുക. പണം ഇറങ്ങുമ്പോൾ നൽകിയാല്‍ മതിയെന്ന് കണ്ടക്ടർ പറഞ്ഞതായി യാത്രക്കാർ അറിയിച്ചു.
യാത്രക്കാര്‍ ഇറങ്ങുന്ന സമയത്ത് ടിക്കറ്റ് നല്‍കാതെ പണം വാങ്ങി കീശയിലാക്കാനായിരുന്നു കണ്ടക്ടറുടെ ശ്രമം എന്ന് വിജിലൻസ് പറഞ്ഞു. ഡ്രൈവർ കം കണ്ടക്ടറെ ഉടൻ തന്നെ ഡ്യൂട്ടിയിൽ നിന്നൊഴിവാക്കി. വകുപ്പുതല നടപടിക്കും ശുപാർശ ചെയ്തിട്ടുണ്ട്.