കൊച്ചി : എക്‌സാലോജിക് സൊലൂഷൻസിനെതിരേ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിപ്പട്ടിക തയാറാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). ആലുവയിലെ കരിമണൽ കമ്പനി ഒന്നാം പ്രതിയും കമ്പനിയുടെ മാനേജിങ് ഡയറക്ടർ രണ്ടാം പ്രതിയും കമ്പനി സീനിയർ മാനേജർ മൂന്നാം പ്രതിയും സീനിയർ ഓഫീസർ നാലാം പ്രതിയും എക്‌സാലോജിക് സൊലൂഷൻസ് അഞ്ചാംപ്രതിയും വീണാ വിജയൻ ആറാം പ്രതിയുമാകുമെന്നാണു ഇ.ഡിവൃത്തങ്ങൾ നൽകുന്ന സൂചന. ഇതിൽ ആദ്യ നാലു പ്രതികളുടെ ചോദ്യംചെയ്യൽ നടന്നു. ഇടപാടിൽ ക്രിമിനൽ കുറ്റം നടന്നിട്ടുണ്ടോ എന്നാണു ഇ.ഡി.നിലവിൽ പരിശോധിക്കുന്നത്. കരിമണൽ കമ്പനിയിലെ കൂടുതൽ ഉദ്യോഗസ്ഥരെ ചോദ്യംചെയ്യാനും തീരുമാനമുണ്ട്. കുറ്റം നടന്നിട്ടുണ്ടെന്നു തെളിഞ്ഞാൽ, വൈകാതെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേയ്ക്കു ഇ.ഡി. കടക്കുമെന്നാണ് വിവരം.
സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ പ്രോസിക്യൂഷൻ കംപ്ലെയിന്റിന്റെ അടിസ്ഥാനത്തിലാണു കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എക്‌സാലോജിക്കും കരിമണൽഖനന കമ്പനിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിലാണ് അന്വേഷണം നടക്കുന്നത്. എക്‌സാലോജിക്കിനു കൈമാറിയിട്ടുള്ള തുകകൾ സംബന്ധിച്ചു തൃപ്തികരമായ വിശദീകരണം നൽകാത്തതിനാൽ കള്ളപ്പണ ഇടപാടായാണ് ഇ.ഡി. ഇതിനെ കണക്കിലെടുക്കുന്നത്. നോട്ടീസ് നൽകി ചോദ്യംചെയ്യൽ വൈകുമെന്നതിനാൽ, വീണയെ വീട്ടിലെത്തി ചോദ്യംചെയ്യുന്നതും ഇ.ഡി. ആലോചിക്കുന്നു. സംസ്ഥാന വ്യവസായവികസന വകുപ്പ് ഉദ്യോഗസ്ഥർ, രജിസ്ട്രാർ ഓഫ് കമ്പനി ഉദ്യോഗസ്ഥർ എന്നിവരുടേയും മൊഴി രേഖപ്പെടുത്തിയേക്കും. അതേസമയം, പ്രതികളാകാൻ സാധ്യതയുള്ളവർ അറസ്റ്റ് ഒഴിവാക്കാൻ നീക്കം തുടങ്ങി. സേവനത്തിന്റെ പേരിൽ ഒരു കോടി 72 ലക്ഷം രൂപ നൽകിയതു കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ലെന്നാണു ഇവർക്കു ലഭിച്ച നിയമോപദേശം. നിയമപ്രകാരം മാത്രമെ കേസ് രജിസ്റ്റർ ചെയ്യാൻ സാധിക്കു. അതിനാൽ, കേസ് നിയമപരമായി നിലനിൽക്കില്ലെന്നാണ് നിയമ വിദഗ്ദർ പറയുന്നത്. പോലീസോ വിജിലൻസോ ആണു ഇത്തരത്തിലുള്ള കേസ് അന്വേഷിക്കേണ്ടത്. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തിരുവനന്തപുരം വിജിലൻസ് കോടതിയുടെ പരിഗണനയിലാണെങ്കിലും തീരുമാനമായിട്ടില്ല. പി.എം.എൽ ആക്ടിലെ ഷെഡ്യൂൾ കുറ്റകൃത്യങ്ങളിൽ ഇത്തരം കാര്യങ്ങൾ വരുന്നില്ല എന്നതും നിയമവിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. കുറ്റകൃത്യത്തിൽ നിന്നു കക്ഷികൾ എന്തെങ്കിലും സമ്പാദിച്ചതായി തെളിഞ്ഞാലേ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ വരൂ. ഈ കേസിൽ അതില്ല. രണ്ടു കമ്പനികൾ തമ്മിലുള്ള ഇടപാടിൽ പി.എം.എൽ. ആക്റ്റിലെ ഷെഡ്യൂൾ പ്രകാരമുള്ള ക്രിമിനൽ കുറ്റം കണ്ടെത്തിയിട്ടില്ല. ക്രൈം അന്വേഷിക്കേണ്ടത് ഇ.ഡിയല്ല, മറ്റ് ഏജൻസികളാണ്. അവരുടെ എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലേ, ഇ.ഡിയ്ക്കു അന്വേഷണം നടത്താനാവൂ. എസ്.എഫ്.ഐ.ഒ. റിപ്പോർട്ട് ഇപ്രകാരമുള്ള ക്രിമിനൽ എഫ്.ഐ.ആർ. അല്ലെന്നാണു കുറ്റാരോപിതർക്കു കിട്ടിയിട്ടുള്ള നിയമോപദേശം. മാത്രമല്ല, തെരഞ്ഞെടുപ്പായതിനാൽ, രാഷ്ട്രീയ ലക്ഷ്യം വച്ചാണു ഇ.ഡി. കേസെടുത്തതെന്നും പ്രതികൾക്കു വാദിക്കാനാകും എന്നതും വെല്ലുവിളിയാണ്.
Read Also:കുറവുണ്ടെങ്കിലും 54,000 വിട്ടൊരു കളിയുമില്ല; സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ആശ്വാസം