ആഞ്ഞിലി തടിക്ക് നല്ല വിലയാണെങ്കിലും ആഞ്ഞിലി ചക്കക്ക് ഒരുകാലത്തും ഡിമാൻഡുണ്ടായിരുന്നില്ല. ഒറ്റത്തടിയായി വളർത്തിയിരുന്നതിനാൽ പല ആഞ്ഞിലികളിലും കയറി ആഞ്ഞിലിച്ചക്ക പറിക്കാൻ കുട്ടികളും മടിച്ചിരുന്നു. ആഞ്ഞിലികളിൽ ചക്ക പിടിക്കുന്നതോടെ കോളടിച്ചിരുന്നത് കിളികൾക്കാണ്. കിളികളും അണ്ണാനും കഴിച്ചതിന്റെ ബാക്കി താഴെ വീണുകിടന്ന് ഈച്ചയും അട്ടയും കയറിയങ്ങനെ പോകുന്നത് പഴങ്കതയായി. ഇന്ന് ആഞ്ഞിലിചക്കക്ക് വൻ ഡിമാൻഡാണ് മാർക്കറ്റിൽ.നല്ല വലിപ്പവും മധുരവുമുള്ള ആഞ്ഞിലിച്ചക്ക കിലോഗ്രാമിന് 150 രൂപ മുതൽ 250 വരെയാണ് വില. മൂന്ന് ആഞ്ഞിലിച്ചക്കയുണ്ടെങ്കിൽ ഒരു കിലോയായി. മരത്തിൽനിന്ന് ചക്ക പറിച്ചെടുക്കുന്നതിനുള്ള വർദ്ധിച്ച കൂലിച്ചെലവാണ് വിലവർദ്ധനവിന് കാരണം.
ഒരു കാലത്ത് മലയാളിയുടെ പ്രധാനപ്പെട്ട ഒരു പോഷകാഹാരം ആയിരുന്നു ആഞ്ഞിലിച്ചക്ക. വിളഞ്ഞ ആഞ്ഞിലിച്ചക്കയുടെ പുറം തൊലി ചെത്തിക്കളഞ്ഞ് ചെറു കഷണങ്ങളാക്കി അരിഞ്ഞ് തയ്യാറാക്കുന്ന പുഴുക്കും കുരു വറുത്ത് തൊലികളഞ്ഞതും ഗൃഹാതുരത്വമുണ്ടാക്കുന്ന രുചികളാണ്.
സൂപ്പർമാർക്കറ്റുകളിലും ആഞ്ഞിലിച്ചക്കകൾ വില്പനയ്‌ക്കെത്തിയതോടെ പഴവിപണിയിൽ താരമാകുകയാണ് ഈ കുഞ്ഞൻ പഴം. എന്നാൽ വീടുകളിലെത്തി അന്യ സംസ്ഥാനക്കാരായ തൊഴിലാളികളുടെ സഹായത്തോടെ നിലത്തു വീഴാതെ പഴുക്കാറായ ചക്ക പറിച്ചെടുത്താണ് വില്പനയ്ക്ക് തയ്യാറാക്കുന്നത്.
വൈൽഡ് ജാക്ക് ഫ്രൂട്ട് എന്നറിയിപ്പെടുന്ന ആഞ്ഞിലിച്ചക്കയുടെ ശാസ്ത്ര നാമം അർട്ടോകാർപ്പസ് ഹിൽസ്റ്റസ് എന്നാണ്. ആഞ്ഞിലിച്ചക്കയിൽ നിന്ന് മൂല്യ വർധിത ഉല്പന്നങ്ങൾ നിർമ്മിക്കാനുള്ള പഠനങ്ങളും നടക്കുന്നുണ്ടത്രെ.
ആഞ്ഞിലിക്കുരു വറുത്ത് പൊടിച്ചു തേനുമായി ചേർത്തു ആസ്തമയെ പ്രതിരോധിക്കാനുള്ള ഔഷധമായും ഉപയോഗിച്ചിരുന്നു.
മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ സുലഭമായി ആഞ്ഞിലിച്ചക്ക ലഭിക്കും.