തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 14 ജില്ലകളിലും ഇന്ന് വേനൽമഴ എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. ഇന്നലെയും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നല്ല മഴ ലഭിച്ചിരുന്നു. നാളെ 11 ജില്ലകളിലും മറ്റന്നാൾ ഏഴ് ജില്ലകളിലും 16 -ാം തിയതി 11 ജില്ലകളിലും മഴ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് ഇന്നും കടുത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഇടുക്കിയും വയനാടും ഒഴികെ ഉള്ള ജില്ലകളിൽ താപനില 35 മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും . കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ കടുത്ത ചൂട് തുടരും.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും, കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 13.04.2024 വരെ: കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.