കൊച്ചി: സംസ്ഥാനത്ത് ഫെയ്സ് ബുക്ക് ഫോളോവേഴ്സ് കൂടുതലുള്ളത് ബി.ജെ.പി ക്ക്. തൊട്ടു പിന്നിൽ സി.പിഎം. ഏറ്റവും കുറവ് മുസ്ലിം ലീഗിന്.
ഫേസ്ബുക്ക്
സി.പി.എം -7,78,000
കോൺഗ്രസ് -3,50,000
ബി.ജെ.പി -8,00,000
മുസ്ലിംലീഗ് -1,25,000
ഇൻസ്റ്റഗ്രാം
സി.പി.എം -3,54,000
കോൺഗ്രസ് -1,53,000
ബി.ജെ.പി -77,100
മുസ്ലിംലീഗ് -63,800
പതിവ് പ്രചാരണരീതികൾക്കൊപ്പം സമൂഹ മാധ്യമങ്ങളിലും തെരഞ്ഞെടുപ്പ് പോര് കനക്കുകയാണ്. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമടക്കം വൈവിധ്യമാർന്ന കാമ്പയിനുകൾക്കാണ് പാർട്ടികൾ തുടക്കംകുറിച്ചിരിക്കുന്നത്. വാട്സ്ആപ്പിൽ സ്റ്റാറ്റസായും സന്ദേശങ്ങൾ പ്രചരിക്കുകയാണ്.
സി.പി.എം തന്ത്രം ഇങ്ങനെ
ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഫോളോവേഴ്സിന്റെ എണ്ണത്തിൽ ഏറെ മുന്നിലുള്ള സി.പി.എമ്മിനാണ് സൈബറിടത്തിൽ മേൽക്കൈ. ഓരോ ബൂത്തിലും പാർട്ടി ചുമതലപ്പെടുത്തിയ പ്രവർത്തകൻ അഡ്മിനായ ഗ്രൂപ്പുണ്ട്. സംസ്ഥാനതല വിവരം താഴേക്ക് എത്തിക്കുന്നത് ഈ ഗ്രൂപ് വഴിയാണ്. യുവജന സംഘടന പ്രവർത്തകർക്കാണ് പ്രധാനമായും പ്രചാരണ ചുമതല. 20 സ്ഥാനാർഥികളുടെയും വിവരം സ്റ്റേറ്റ് സെന്റർ ഏകോപിപ്പിച്ച് താഴേക്കു നൽകും. സംസ്ഥാന സർക്കാറിന്റെ നേട്ടം ഉയർത്തിക്കാണിക്കുകയും സർക്കാറിനെതിരായ വിമർശനങ്ങളെ പ്രതിരോധിക്കുകയും ചെയ്യും. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്, എക്സ് പ്ലാറ്റ്ഫോമുകളിൽ പാർട്ടിക്ക് പ്രത്യേകം വിങ്ങുകളുണ്ട്. ഓരോ പ്രദേശത്തെയും വാട്സ്ആപ് ഗ്രൂപ്പുകളിൽ സജീവ പ്രവർത്തകരുടെ സാന്നിധ്യവുമുണ്ട്.ഡിജിറ്റൽ മീഡിയ സെല്ലുമായി കെ.പി.സി.സി
കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെല്ലാണ് സോഷ്യൽ മീഡിയ പ്രചാരണം ഏകോപിപ്പിക്കുന്നത്. ഓരോ വാർഡിലും പരിശീലനം ലഭിച്ച രണ്ടുപേർക്കാണ് ചുമതല. മണ്ഡലംതലത്തിൽ മൂന്നു പേരും ജില്ലതലത്തിൽ അഞ്ചു പേർ വീതവും സോഷ്യൽ മീഡിയ ടാസ്ക്ഫോഴ്സിന്റെ ഭാഗമാണ്. സ്റ്റേറ്റ് സെല്ലിൽനിന്നുള്ള വിവരങ്ങൾ അപ്പപ്പോൾ ഈ സംഘങ്ങൾ അപ്ഡേറ്റ് ചെയ്യും. കോൺഗ്രസിന്റെ പ്രകടനപത്രിക, രാഷ്ട്രീയ നിലപാടുകൾ എന്നിവയുടെ പോസ്റ്റർ, സ്റ്റാറ്റസ് വിഡിയോ, റീൽസ് എന്നിവ സ്റ്റേറ്റ് സെൽ തയാറാക്കി താഴെത്തട്ടിലേക്ക് കൈമാറുന്നു. പാർട്ടിയുടെ റിസർച് ആൻഡ് പോളിസി വിഭാഗവുമായി സഹകരിച്ചാണ് കണ്ടന്റുകൾ തയാറാക്കുന്നത്. സംസ്ഥാന, കേന്ദ്ര സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾ തുറന്നുകാട്ടുന്നു. ഇപ്പോൾ ഡി.സി.സി തലത്തിലും ഇൻസ്റ്റഗ്രാം, എക്സ്, ഫേസ്ബുക്ക് എന്നിവയിൽ പ്രത്യേകം അക്കൗണ്ടുകളുണ്ട്.സോഷ്യൽ മീഡിയയിൽ തരംഗമായി ബി.ജെ.പി
സോഷ്യൽമീഡിയയിൽ ഏറെ മുന്നിലുള്ള ബി.ജെ.പിക്ക് സംസ്ഥാനത്ത് 20,000 ബൂത്തുകളിൽ സോഷ്യൽ മീഡിയ കൺവീനർമാരുണ്ട്. നിയോജക മണ്ഡലങ്ങളിൽ അഞ്ചും ലോക്സഭ മണ്ഡലങ്ങളിൽ പത്തും പേരടങ്ങുന്ന ടീമുകൾ സജീവം. തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിങ്ങനെ നാലു സോണുകളാക്കി പ്രത്യേക ടീമുകൾ ഏകോപനം നിർവഹിക്കുന്നു. സ്റ്റേറ്റ് ടീം തയാറാക്കുന്ന കണ്ടന്റുകൾ പാർട്ടി ഗ്രൂപ്പുകളിലേക്ക് കൈമാറി പ്രചാരണം ഉറപ്പിക്കുന്നത് സോൺ സംഘങ്ങളാണ്. മോദി സർക്കാറിന്റെ ഭരണനേട്ടങ്ങളാണ് സ്റ്റേറ്റ് ടീം പ്രധാനമായും പ്രചരിപ്പിക്കുന്നത്. സംസ്ഥാന സർക്കാറിന്റെ ഭരണപരാജയവും തുറന്നുകാട്ടുന്നു.ലീഗിന്റെ സൈബർ വളണ്ടിയർമാർ
സ്റ്റേറ്റ് മീഡിയ സെന്ററിനു കീഴിൽ മുസ്ലിംലീഗിന്റെ സൈബർ വിങ് സജീവമാണ്. ജില്ല, മണ്ഡലം, പഞ്ചായത്ത്, വാർഡ്തലങ്ങളിലുള്ള സോഷ്യൽ മീഡിയ വളന്റിയർമാർ വഴിയാണ് വിവരങ്ങൾ താഴെത്തട്ടിലേക്ക് നൽകുന്നത്. ഇതിനു പുറമെയാണ് പ്രചാരണ ഭാഗമായി ലോക്സഭ മണ്ഡലം മുതൽ ബൂത്തുതലം വരെയുള്ള സോഷ്യൽ മീഡിയ വിങ്ങുകൾ.