കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡന കേസിൽ അതിജീവിതയോടൊപ്പം നിന്ന നേഴ്സിംഗ് ഓഫീസർ പി.ബി. അനിതയെ ജോലിയിൽ പ്രവേശിക്കാൻ സർക്കാർ അനുവദിക്കാത്തത്തിനെതിരെ പ്രതിഷേധവുമായി അതിജീവിത. ആറു ദിവസമായി മെഡിക്കൽ കോളജ് ഓഫീസിന് മുന്നിൽ സമരം ചെയ്യുന്ന അനിതയോടൊപ്പം കണ്ണ് കെട്ടിയാണ് അതിജീവിതയുടെ പ്രതിഷേധം. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും അനിതയെ ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം അടക്കമുള്ള പൊതുസമൂഹം രംഗത്തുവന്നിട്ടും ആരോഗ്യമന്ത്രിയും സർക്കാരും പ്രതികൂല നിലപാടാണ് സ്വീകരിക്കുന്നത്.
അനിതയ്ക്ക് വീഴ്ച പറ്റിയതിനാലാണ് തിരിച്ചെടുക്കാത്തത്, വീഴ്ച ഹൈക്കോടതിയെ ബോധ്യപ്പെടുത്തും എന്നാണ് ആരോഗ്യമന്ത്രി ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. സർക്കാർ അതിജീവിതക്കൊപ്പമാണെന്ന് മന്ത്രിയും സർക്കാരും അവകാശപ്പെടുമ്പോഴാണ് ആ യുവതിക്കു വേണ്ടി നിലകൊണ്ട അനിതക്കെതിരെ സർക്കാരിന്റെ മനുഷ്യത്വ രഹിത നിലപാട്.
മന്ത്രി വീണ ജോർജ് എനിക്കൊപ്പമല്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് എന്ന് അതിജീവിത പ്രതികരിച്ചു. എന്നെ ദ്രോഹിക്കാനാണ് അനിത സിസ്റ്ററിനെ ഇത്തരത്തിൽ ഉപദ്രവിക്കുന്നത്. പ്രതി എൻജിഒ യൂണിയനിൽ പെട്ടയാളായത് കൊണ്ട് അയാളെ സംരക്ഷിക്കണം. അതിനാണ് പാർട്ടിയും എല്ലാവരും ശ്രമിക്കുന്നത്. ഇവരുതന്നെയല്ലേ, ഈ സൂപ്രണ്ടും മറ്റുള്ളവരുമല്ലേ എന്നെ പീഡിപ്പിക്കാൻ ആ വ്യക്തിക്ക് ഇട്ടു കൊടുത്തത്, പച്ച മലയാളത്തിൽ പറഞ്ഞാൽ ഇവർ എന്നെ കൂട്ടുക്കൊടുക്കുക ആയിരുന്നില്ലേ, എനിക്ക് എന്ത് സംരക്ഷണമാണ് അവിടെ തന്നത്? കഴിഞ്ഞ ദിവസം ഞാൻ മെഡിക്കൽ കോളജിൽ പോയപ്പോൾ പ്രതി പല സ്ത്രീകളുടേയും തോളിൽ കൈയിട്ട് ചിരിച്ച് കളിച്ച് അവിടെ ഉല്ലസിച്ച് നടക്കുകയാണ്. ഒരു വർഷം കഴിഞ്ഞിട്ടും ഞാൻ ഇപ്പോഴും അനുഭവിക്കുകയാണ് എന്നും അതിജീവിത പറഞ്ഞു.
പി.ബി.അനിതയെ ഏപ്രിൽ ഒന്നിന് കോഴിക്കോട് മെഡിക്കൽ കോളജിൽ തിരികെ പ്രവേശിപ്പിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. എന്നാൽ ഉത്തരവുണ്ടായിട്ടും അഞ്ചു ദിവസമായി അവരെ ജോലിയിൽ പ്രവേശിപ്പിക്കാൻ അനുവദിക്കുന്നില്ല. ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചാലേ പ്രവേശിപ്പിക്കാൻ സാധിക്കുവെന്നാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ (ഡിഎംഇ) നിലപാട്.
മെഡിക്കൽ കോളജ് ഐസിയുവിൽ 2023 മാർച്ച് 18ന് ശസ്ത്രക്രിയ കഴിഞ്ഞ് അർധബോധാവസ്ഥയിലിരിക്കെ ആണ് ജീവനക്കാരൻ യുവതിയെ പീഡിപ്പിച്ചത്. ഇതിനെതിരെ പരാതി നൽകിയ യുവതിയെക്കൊണ്ട് മൊഴിമാറ്റിക്കാൻ ആറ് വനിതാ ജീവനക്കാർ ഭീഷണിപ്പെടുത്തിയ സംഭവം മേലുദ്യോഗസ്ഥർക്ക് നേഴ്സിംഗ് ഓഫീസർ അനിത റിപ്പോർട്ട് ചെയ്തിരുന്നു. സർക്കാർ പിന്നീട് അനിതയെ ഇടുക്കി മെഡിക്കൽ കോളജിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനെതിരെയാണ് അനിത ഹൈക്കോടതിയെ സമീപിച്ചത്.