നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ നെയ്യാറ്റിൻകര പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. മാറനല്ലൂർ കൂവളശ്ശേരി നവോദയ ലൈൻ ബ്ലെസ്സിംഗ് ഹൗസിൽ എസ് ഷീജയാണ് ദാരുണമായി മരിച്ചത്. കളിയിക്ക വിളയിലേക്ക് സർവീസ് നടത്തിയ പാപ്പനംകോട് ഡിപ്പോയിലെ ബസ് ആണ് അപകടമുണ്ടാക്കിയത്. ബസ്സും സ്കൂട്ടറും നെയ്യാറ്റിൻകരയിൽ നിന്നും പാറശാല ഭാഗത്തേക്ക് പോവുകയായിരുന്നു. ഉത്സവങ്ങളുടെ ഭാഗമായി സ്ഥാപിച്ച സൗണ്ട് ബോക്സുകളിൽ നിന്നുള്ള ശബ്ദം കാരണം പിന്നിൽ നിന്നും ബസ് വരുന്നത് സ്കൂട്ടർ യാത്രക്കാരിക്ക് അറിയാൻ കഴിഞ്ഞില്ലെന്ന് ദൃക്സാക്ഷികൾ പറയുന്നു. ബസ് സ്കൂട്ടറിന് പിന്നിൽ തട്ടിയതോടെ റോഡിലേക്ക് തെറിച്ച് വീണ ഷീജയുടെ തലയിലൂടെ ബസ് കയറിയിറങ്ങി. പോലീസ് എത്തിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തേയില കമ്പനിയിലെ ഫീൽഡ് സ്റ്റാഫ് ആയ ഷീജ കടകളിൽ നിന്നും ഓർഡർ ശേഖരിക്കാൻ ആയി പോകുമ്പോഴായിരുന്നു ദാരുണ സംഭവം. ഷീജയുടെ ഭർത്താവ് ഡൊമിനിക് ഒരു വർഷം മുമ്പ് മരിച്ചിരുന്നു. ഇതിനെ തുടർന്നാണ് അദ്ദേഹം ജോലിചെയ്ത സ്ഥാപനത്തിൽ ഷീജയ്ക്ക് ജോലി കിട്ടിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. മക്കൾ വിദ്യാർത്ഥികളായ ഷാരോൺരാജ് , അഭിനന്ദ്.