കണ്ണൂര്‍: പ്രിയപ്പെട്ടവർക്ക് ‘വിഷുക്കൈനീട്ടം’ തപാല്‍ വഴി അയക്കാന്‍ അവസരവുമായി തപാല്‍ വകുപ്പ്. തുടർച്ചയായ മൂന്നാം വർഷമാണ് തപാൽ വഴി വിഷുകൈനീട്ടം അയക്കാൻ അവസരമൊരുക്കുന്നത്. ഇതിനായി ഈ മാസം ഒന്‍പതുവരെ കൈനീട്ടം ബുക്ക് ചെയ്യാം. വിഷു ദിനത്തിൽ കൈനീട്ടം പ്രിയപ്പെട്ടവരുടെ കയ്യിലെത്തും. വിഷുപ്പുലരിയില്‍ കൈനീട്ടം കിട്ടും. രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസില്‍നിന്നും വിഷുക്കൈനീട്ടം ബുക്ക് ചെയ്ത് അയക്കാം. എന്നാല്‍ കേരളത്തിലേക്ക് മാത്രമേ അയക്കാനാകൂ.
കുറഞ്ഞത് 101 രൂപയാണ് കൈനീട്ടം അയക്കാൻ കഴിയുക. ഇതിന് 19 രൂപ തപാല്‍ ഫീസായി ഈടാക്കും. മൊത്തം 120 രൂപയ്ക്ക് കൈനീട്ടം പ്രിയപ്പെട്ടവരിലേക്ക് എത്തിക്കാം. 201 രൂപ, 501 രൂപ, 1001 രൂപ എന്നിങ്ങനെയും കൈനീട്ടം അയക്കാം. ഇതിന് യഥാക്രമം 29, 39, 49 രൂപ തപാല്‍ ഫീസാകും. ഇന്റര്‍നെറ്റ് സൗകര്യമുള്ള എല്ലാ പോസ്റ്റ് ഓഫീസുകളില്‍നിന്നും വിഷുക്കൈനീട്ടം അയക്കാം. പോസ്റ്റ് ഓഫീസുകളില്‍ ഇതിനായി പ്രത്യേക അപേക്ഷാഫോം ലഭിക്കും.
2022ല്‍ ആരംഭിച്ച ‘കൈനീട്ടം’ സംരംഭത്തിന് കഴിഞ്ഞ രണ്ട് വിഷുക്കാലത്തും നല്ല പ്രതികരണമാണ് ലഭിച്ചത്. 2022ല്‍ കേരള സര്‍ക്കിളില്‍ മാത്രം 13,000 ബുക്കിങ് ലഭിച്ചിരുന്നു. 2023 വിഷുവിനാകട്ടെ 20,000 ബുക്കിങ്ങും നടന്നു. ബുക്കിങ് സമയം തീരാന്‍ അഞ്ചുദിവസം മാത്രം ശേഷിക്കെ കേരള സര്‍ക്കിളില്‍ ഇത്തവണ 25,000ലധികം ബുക്കിങ് പ്രതീക്ഷിക്കുന്നുണ്ടെന്ന് കണ്ണൂര്‍ പോസ്റ്റല്‍ സൂപ്രണ്ട് സി.കെ. മോഹനന്‍ പറഞ്ഞു.