തൃശൂര്‍: മൂര്‍ക്കനാട് ഉത്സവത്തിനിടെ ഉണ്ടായ കത്തിക്കുത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. ആനന്ദപുരം സ്വദേശി പൊന്നത്ത് വീട്ടില്‍ പ്രഭാകരന്റെ മകന്‍ സന്തോഷ് (40) ആണ് മരിച്ചത്. ഗുരുതര പരിക്കേറ്റ സന്തോഷ് എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. നാല് പേര്‍ ചികിത്സയിലാണ്.
കത്തിക്കുത്തില്‍ സന്തോഷിന്റെ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ആറാട്ടിനോട് അനുബന്ധിച്ച് നടന്ന വെട്ടിക്കെട്ടിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ആറു പേർക്കാണ് കുത്തേറ്റത്. നേരത്തെ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഉത്സവത്തിനിടെയുണ്ടായതെന്ന് പൊലീസ് പറഞ്ഞു. സംഘം ചേര്‍ന്ന് ചേരിതിരിഞ്ഞായിരുന്നു സംഘര്‍ഷം. വെളുത്തൂര്‍ സ്വദേശി അക്ഷയ് (21) സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു. നാല് പേര്‍ ഇപ്പോഴും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ അടക്കം ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രധാന പ്രതികള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
Read Also: കണ്ണൂരിൽ സ്ഫോടനം; രണ്ടുപേർക്ക് പരിക്ക്