മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ആംആദ്മി പാർട്ടിയുടെ രാജ്യസഭാംഗം സഞ്ജയ് സിങ്ങിന് ജാമ്യം. നിലവിൽ തിഹാർ ജയിലിൽ കഴിയുന്ന സഞ്ജയ് സിങ്ങിന് സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്ഥകൾ വിചാരണക്കോടതിക്കു തീരുമാനിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സഞ്ജയ് സിങ്ങിന് ജാമ്യം നൽകുന്നതിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) എതിർത്തില്ല. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ തിഹാർ ജയിലിൽ എത്തിയതിനു പിന്നാലെയാണ് സഞ്ജയ് സിങ്ങിന് ജാമ്യം ലഭിച്ചത്. കഴിഞ്ഞ ആറു മാസമായി ജയിലിൽ കഴിയുന്ന സഞ്ജയ് സിങ്ങിന് ജാമ്യം ലഭിച്ചത് പാർട്ടിക്ക് ആശ്വാസകരമാകും.
