തീയറ്ററുകളിലെ രണ്ടുമാസത്തെ വിജയകരമായ പ്രദർശനത്തിന് ശേഷം പ്രേമലു ഒടിടിയിലേക്ക്. ആരാധകരുടെ നീണ്ട കാത്തിരിപ്പിന് ശേഷം പ്രേമലു ഏപ്രില്‍ രണ്ടാം വാരാന്ത്യത്തോടെ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്യും എന്നാണ് പുതിയ വിവരം. മമിത ബൈജു, നസ്ലെന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഗിരീഷ് എ ഡി സംവിധാനം ചെയ്ത പ്രേമലു 2024 ഫെബ്രുവരി 9-ന് ആണ് തീയറ്ററുകളിലെത്തിയത്. ആഗോളതലത്തില്‍ റിലീസ് ചെയ്ത പ്രേമലു മലയാള സിനിമയിലെ എക്കാലത്തെയും ഉയര്‍ന്ന കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ഒന്നാണ്.
ഏപ്രില്‍ 12നായിരിക്കും ചിത്രം ഒടിടിയില്‍ പ്രദര്‍ശനം ആരംഭിക്കുക എന്നാണ് പുതിയ റിപ്പോര്‍ട്ട്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായിരിക്കും ഒടിടി റിലീസ്. ഹിന്ദി, കന്നഡ പതിപ്പുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇതുവരെ ലഭ്യമല്ല. പുതിയ ട്രെയിലര്‍ പുറത്തുവിട്ടുകൊണ്ട് ഒടിടി റിലീസിനെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫഹദ് ഫാസിലും ദിലീഷ് പോത്തനും ചേര്‍ന്നു നിര്‍മിച്ച ചിത്രത്തിന്റെ ബജറ്റ് എട്ടു കോടിയാണ്. ആഗോളതലത്തില്‍ പ്രേമലുവിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ 130 കോടിയുമാണ്. കേരളത്തിനു പുറത്ത്, പ്രത്യേകിച്ച് ഹൈദരാബാദില്‍ ചിത്രം വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ടു. സംവിധായകന്‍ എസ്.എസ്. രാജമൗലിയുടെ മകന്‍ എസ്.എസ്. കാര്‍ത്തികേയയാണ് പ്രേമലുവിന്റെ തെലുങ്ക് പതിപ്പ് പുറത്തിറക്കിയത്.
Read Also: 01.04.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ