കടമ്പനാട് വില്ലേജ് ഓഫിസർ കെ.മനോജ് ജീവനൊടുക്കിയത് ഭരണകക്ഷിയുടെ ഭാഗത്തുനിന്നുണ്ടായ സമ്മർദം കാരണമെന്ന് ആർഡിഒയുടെ റിപ്പോർട്ട് വന്നതിനു പിന്നാലെ പ്രതികരണവുമായി ബന്ധുക്കൾ.
ആരുടെ ഫോൺ ആണ് മനോജിന്റെ ആത്മഹത്യക്ക് മുൻപ് വന്നതെന്ന് അറിയില്ലെന്ന് ബന്ധുക്കൾ പറയുന്നു. ഫോൺ പോലീസ് കസ്റ്റഡിയിലായതിനാൽ ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാണ് ആവശ്യം. ആത്മഹത്യയുടെ കാരണം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കുടുംബം പത്തനംതിട്ട എസ്പിയ്ക്ക് പരാതി നൽകിയെങ്കിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ല.
ജോലി സ്ഥലത്തെ സമ്മർദം കാരണമാണ് മനോജ് ആത്മഹത്യ ചെയ്തത്. മരണത്തിന് ദിവസങ്ങൾ മുൻപ് തന്നെ അസ്വസ്ഥനായിരുന്നു. മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഭരണകക്ഷിയിലെ ചിലരുടെ ഭാഗത്ത് നിന്നുണ്ടായ സമ്മർദം താങ്ങാൻ കഴിയാതെയാണ് ആത്മഹത്യ ചെയ്തത് -മനോജിന്റെ സഹോദരൻ കെ.മധു ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു. “ഞാൻ ജീവിതം അവസാനിപ്പിക്കുകയാണ്. എന്റെ മരണത്തിൽ മറ്റാർക്കും പങ്കില്ല എന്നാണ് മനോജിന്റെ ആത്മഹത്യകുറിപ്പിൽ ഉള്ളത്. ഒപ്പം ഓഫീസിൽ നൽകാനുള്ള പണവും വെച്ചിരുന്നു. ഇതിന് മുൻപ് ആറന്മുള വില്ലേജിലാണ് ജോലി ചെയ്തത്. മൂന്ന് മാസം മുൻപാണ് കടമ്പനാട് വില്ലേജ് ഓഫീസർ ആയി എത്തിയത്. രാവിലെ 8 മണിയോടെ ഒരു ഫോൺ കോൾ വന്നിരുന്നു. അതിന് ശേഷമാണ് തൂങ്ങിമരിച്ചത്-” മധു പറയുന്നു.
മണ്ണെടുപ്പും മറ്റ് പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കടമ്പനാട് വില്ലേജ് ഓഫീസർമാർക്ക് വൻ സമ്മർദം നേരിടേണ്ടി വരുന്നുവെന്ന് മുൻപ് തന്നെ ആരോപണം വന്നിട്ടുണ്ട്. പല വില്ലേജ് ഓഫീസർമാരും സ്ഥലംമാറ്റം വാങ്ങിച്ച് പോകുകയാണ് പതിവ്. ഈ പ്രശ്നം തന്നെയാണ് മനോജിന്റെ മരണത്തിനും കാരണമായതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.