തിരുവനന്തപുരം: കാട്ടാക്കടയിൽ സംഘർഷത്തിൽ ആർഎസ്എസ് പ്രവർത്തകനായ യുവാവിന് വെട്ടേറ്റു. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. കാട്ടാക്കട തലക്കോണം സ്വദേശി വിഷ്ണുവിനാണ് വെട്ടേറ്റത്. ആക്രമണത്തിൽ തലയിലും വാരിയെല്ലിന്റെ ഭാഗത്തും നെറ്റിയിലും ഗുരുതര പരിക്കേറ്റ വിഷ്ണുവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. അമ്പലത്തിൽ കാലായിൽ ആർഎസ്എസ് പ്ലാവൂർ മണ്ഡലം കാര്യവാഹാണ് വിഷ്ണു.
ഇന്നലെ രാത്രി അമ്പലത്തിൻകാലായിലെ കാഞ്ഞിരംവിള ശക്തി വിനായക ക്ഷേത്രത്തിൽ ഉത്സവം കണ്ടു മടങ്ങുന്നതിനിടയാണ് സംഭവം. അമ്പലത്തിൽ നിന്നും വീട്ടിൽ പോകാനായി വിഷ്ണു ബൈക്കിൽ കയറുന്നതിനിടെ എത്തിയ അക്രമിസംഘം വിഷ്ണുവിനെ ചവിട്ടി വീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ കട്ടക്കടയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. വാരിയെല്ലിനേറ്റ പരിക്ക് ഗുരുതരമായതിനാൽ അവിടെ വച്ച് അടിയന്തര ശസ്ത്രക്രിയ നടത്തുകയായിരുന്നു. സംഭവത്തിന്റെ പിന്നിൽ ലഹരി മാഫിയ സംഘമാണെന്ന് കരുതുന്നതായി പോലീസ് അറിയിച്ചു. രാഷ്ട്രീയ വിദ്വേഷവും പോലീസ് അന്വേഷിക്കുന്നുണ്ട്.









