കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടും എറണാകുളത്ത് എൻ.ഡി.എ സ്ഥാനാർത്ഥി നിർണയത്തിൽ സസ്പെൻസ് തുടരുന്നു. സംസ്ഥാനത്തെ 12 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ ബി.ജെ.പിയും നാല് സ്ഥാനാർത്ഥികളെ ബി.ഡി.ജെ.എസും പ്രഖ്യാപിച്ചു. എറണാകുളത്ത് സസ്പെൻസ് സ്ഥാനാർഥിയായിരിക്കുമെന്നാണ് ബിജെപി വൃത്തങ്ങൾ നൽകുന്ന സൂചന. സാധ്യത പട്ടികയിൽ രണ്ടു പേരുകളാണ് പറഞ്ഞു കേൾക്കുന്നത്. അതിൽ ഒന്നാമത്തേത് ഷോൺ ജോർജിന്റെ പേരാണ്. മറ്റൊന്ന് മേജർ രവിയുടേയും. പി.സി. ജോർജിന്റെ മകനും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോൺ ജോർജിനെ എറണാകുളത്തെ ബി.ജെ.പി സ്ഥാനാർത്ഥിയാക്കാൻ നീക്കം നടക്കുന്നതായി മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. ക്രൈസ്തവ പരിഗണനയുറപ്പിക്കാൻഷോണിന്റെ സ്ഥാനാർഥിത്വം മുതൽക്കൂട്ടാകുമെന്ന കണക്കുകൂട്ടലാണ് ബിജെപി. പത്തനംതിട്ടയിൽ അനിൽ ആന്റണിയെ ബി.ജെ.പി സ്ഥാനാർത്ഥിയാക്കിയതിനു പിന്നാലെ എതിർപ്പറിയിച്ച് രംഗത്തെത്തിയ പി.സി. ജോർജിനെയും കൂട്ടരെയും അനുനയിപ്പിക്കാനും ഇത് ഉപകരിക്കും. ഒപ്പം പത്തനംതിട്ടയിലെ വോട്ടുപെട്ടിയിൽ നിന്നുള്ള വോട്ടു ചോർച്ച തടയാമെന്നും പാർട്ടി- മുന്നണി വൃത്തങ്ങൾ കണക്കുകൂട്ടുന്നുണ്ട്. അതേസമയം എറണാകുളത്തെ ബിജെപി സ്ഥാനാർത്ഥിയാകണമെന്ന് നേതൃത്വം ആവശ്യപ്പെട്ടുവെന്ന് മേജർ രവിയും പറയുന്നു. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കും. അന്തിമ തീരുമാനം പാർട്ടി നേതൃത്വത്തിനെത്. മത്സരിക്കുന്ന കാര്യത്തിൽ സമ്മതമറിയിച്ചെന്ന് മേജർ രവി വ്യക്തമാക്കി. മേജർ രവി നിലവിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷനാണ്.
കഴിഞ്ഞവർഷം ഡിസംബറിലാണ് മേജർ രവി ബിജെപിയിൽ അംഗത്വമെടുത്തത്. ഒപ്പം അഗത്വമെടുത്ത മുൻ കോൺഗ്രസ് നേതാവ് സി രഘുനാഥ് കണ്ണൂരിൽ സ്ഥാനാർത്ഥിയാണ്. നടൻ ദേവനെയും സംസ്ഥാന ഉപാധ്യക്ഷനാക്കിയത് 2023 ഡിസംബർ മാസത്തിലായിരുന്നു.2014ലെ തിരഞ്ഞെടുപ്പിൽ എ.എൻ. രാധാകൃഷ്ണനിലൂടെ ലക്ഷത്തിനടുത്ത് വോട്ട് (99,003) നേടിയ (11.63%) ബി.ജെ.പി 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അത് അൽഫോൺസ് കണ്ണന്താനത്തെയിറക്കി 1,37,749 ആയി ഉയർത്തിയിരുന്നു. വോട്ട് ശതമാനം 14.24 ആയും ഉയർന്നു. ആ വോട്ട് വർദ്ധനയ്ക്ക് സാമുദായിക പരിഗണന കാരമായിട്ടുണ്ടാകാമെന്ന വിലയിരുത്തലിലാണ് ചർച്ചകൾ ഷോൺ ജോർജിലേക്കെത്തുന്നത്.
ബിജെപിയെ സംബന്ധിച്ചിടത്തോളം ‘എ’ ക്ലാസ് മണ്ഡലം എന്ന പേരോ വിജയം എന്ന അമിത പ്രതീക്ഷയോ ഇല്ലാത്ത സീറ്റാണ് എറണാകുളം. കേരളത്തിൽ ആകെയുള്ള 20 സീറ്റിൽ 12 എണ്ണത്തിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചെങ്കിലും എറണാകുളം മണ്ഡലത്തിലെ സ്ഥാനാർഥി പ്രഖ്യാപനം ആദ്യഘട്ടത്തിൽ ഉണ്ടായില്ല. എറണാകുളത്ത് മത്സരിച്ചേക്കുമെന്ന് കരുതിയിരുന്ന അനിൽ ആന്റണിയെ പത്തനംതിട്ടയിൽ സ്ഥാനാർഥിയാക്കിയതോടെ ഇനി ആര് എന്ന ചോദ്യമാണ് ബാക്കി. ആദ്യ പന്ത്രണ്ടു പേരിൽത്തന്നെ മൂന്നു വനിതാ സ്ഥാനാർഥികളെ ഉൾപ്പെടുത്തിയ സാഹചര്യത്തിൽ നാലാമതൊരു വനിതയെ കൂടി കളത്തിലിറക്കാനുള്ള സാധ്യത തീർത്തും വിരളം.
ഇതിനിടെ വനിതാ നേതാക്കളെ രംഗത്തിറക്കാൻ ബിജെപി ആലോചിക്കുന്നു എന്ന പ്രചാരണവും ശക്തമായിരുന്നു. ബിജെപി സംസ്ഥാന വക്താവ് ടി.പി. സിന്ധുമോൾ, മഹിളാ മോർച്ച സംസ്ഥാന ഭാരവാഹി വിനീത ഹരിഹരൻ, യുവമോർച്ച നേതാവ് സ്മിത മേനോൻ, സംസ്ഥാന സമിതി അംഗം സി.വി. സജിനി തുടങ്ങിയവരുടെ പേരുകളാണ് ഇക്കൂട്ടത്തിൽ മുന്നിൽ നിന്നത്. എന്നാൽ ആലപ്പുഴയിൽ ശോഭ സുരേന്ദ്രൻ, പൊന്നാനിയിൽ നിവേദിത സുബ്രഹ്മണ്യൻ, കാസർകോട് എം.എൽ. അശ്വിനി എന്നിങ്ങനെ മൂന്നു വനിതകളെ അണിനിരത്തിയിരിക്കുന്ന സാഹചര്യത്തിൽ ഇനി ഒരാളെക്കൂടി മത്സരിപ്പിക്കാൻ സാധ്യതയില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.
എറണാകുളം, കൊല്ലം, ആലത്തൂർ,വയനാട് മണ്ഡലങ്ങളിൽ സ്ഥനാർഥികളെ പാർട്ടി പ്രഖ്യാപിച്ചിട്ടില്ല. കൊല്ലത്ത് കുമ്മനം രാജശേഖരനും പാർട്ടി ജില്ലാ സെക്രട്ടറി ബി.ബി ഗോപകുമാറും പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ട്. ആലത്തൂരിൽ പാലക്കാട് വിക്ടോറിയ കോളജ് മുൻ പ്രിൻസിപ്പൽ സരസ്വതി ടീച്ചറെയും പരിഗണിക്കുന്നുണ്ട്. ഇന്നോ നാളെയോ ബിജെപിയുടെ മൂന്നാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവരുമെന്നാണ് പ്രതീക്ഷ.എന്നാൽ മറ്റു പ്രശ്നങ്ങളില്ലെങ്കിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കാമായിരുന്ന ഒരു മണ്ഡലമായിട്ടു കൂടി ബിജെപി അതിനു തയാറായിട്ടില്ല. അതുകൊണ്ടു തന്നെ എറണാകുളത്ത് ഒരു സർപ്രൈസ് സ്ഥാനാർഥി വന്നാലും അത്ഭുതപ്പെടാനില്ല.