യൂറോപ്പിലും പശ്ചിമേഷ്യയിലും ആഫ്രിക്കൻ ഭൂഖണ്ഡത്തിലും വെടിയൊച്ചകൾ നിലയ്ക്കാതെ തുടരുമ്പോൾ ലക്ഷക്കണക്കിന് കുരുന്നുകളാണ് പട്ടിണിയും ദുരിതങ്ങളും നേരിടേണ്ടി വരുന്നത്. ഫലസ്തീനിലെ അഭയാർഥി ക്യാമ്പുകളിൽ വേണ്ടത്ര ഭക്ഷണം ലഭിയ്ക്കാത്തതിനാൽ മുഴുപ്പട്ടിണിയിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളോട് കുരുന്നുകൾ പറയുന്നു. പലരുടേയും മാതാപിതാക്കൾ വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടു .പച്ചില കഴിച്ചാണ് വിശപ്പടക്കുന്നത് ഒരു റൊട്ടിപോലും കിട്ടാനില്ലെന്ന് ഫലസ്തീനി ബാലിക മറിയം അഹമ്മദ് പറയുന്നു. യുദ്ധത്തെ തുടർന്ന് അനാഥയായി കുഞ്ഞനിയൻ മാത്രമാണ് ഇപ്പോൾ ജീവനോടെയുള്ളതെന്ന് പറഞ്ഞ കുരുന്ന് ദേഷ്യവും സങ്കടവും സഹിക്കാൻ കഴിയാതെ പൊട്ടിക്കരയുന്നു. നവജാഥ ശിശുക്കളുടെ കാര്യവും ഏറെ പ്രതിസന്ധിയിലാണ്. ആവശ്യത്തിന് മരുന്നുകളോ വൈദ്യസഹായത്തിനുള്ള ഉപകരണങ്ങളോ ഇല്ല. ആശുപത്രികൾ അപ്പാടെ ബോംബിട്ട് തകർത്തതോടെ ആരോഗ്യ പ്രവർത്തകർ നെട്ടോട്ടമോടുന്നു.
ഉക്രൈനിലെ റഷ്യൻ അധിനിവേശത്തെ തുടർന്നും അഭയാർഥി ക്യാമ്പുകളിൽ വലിയ ദുരിതമാണ് കുട്ടികൾക്ക് നേരിടേണ്ടി വരുന്നത്. ആവശ്യത്തിന് ഭക്ഷണം സന്നദ്ധ സംഘടനകൾ എത്തിച്ചു നൽകുന്നുണ്ടെങ്കിലും പൊരുതേണ്ടത് കാലാവസ്ഥയോടാണ്. കനത്ത മഞ്ഞുവീഴ്ച്ചയിൽ മരംകോച്ചുന്ന തണുപ്പിനെ നേരിടാൻ വേണ്ട സംവിധാനങ്ങളില്ല. താത്കാലിക ഷെൽട്ടറുകളിൽ കഴിയുന്നവർക്ക് തണുപ്പകറ്റാൻ വിറക് ശേഖരിയ്ക്കാൻ പോകാനും ഭയമാണ് വനങ്ങളും കൃഷിഭൂമികളും നിറയെ കുഴിബോംബ് പാകിയിരിക്കുന്നു. തണുപ്പിനെ നേരിടാൻ വഴികളൊന്നുമില്ലാതെ വരുമ്പോൾ പുതച്ചും ചുമച്ചും ടെന്റുകളിൽ കഴിയുന്ന കുട്ടികളുടെ ആരോഗ്യം അനുദിനം മോശമാകുകയാണ്.
ആഫ്രിക്കൻ രാജ്യമായ വടക്കൻ മൊസാംബിക്കിലെ ആഭ്യന്തര പ്രശ്‌നങ്ങളെ തുടർന്ന് 60,000 കുട്ടികളാണ് പാലായനം ചെയ്തത്. ആവശ്യമായ പാർപ്പിടങ്ങളോ വസ്ത്രങ്ങളോ പോഷകാഹാരമോ ഇല്ലാതെ ഇവർ കഷ്ടപ്പെടുന്നു. യു.എൻ.ഏജൻസികളുടെ സഹായത്തോടെയാണ് ഇന്ന് ശുദ്ധജലവും , ആരോഗ്യ സേവനങ്ങളും ഇവർക്ക് ലഭ്യമാക്കുന്നത്.