ഗാസിപുർ: ഉത്തർപ്രദേശിലെ ഗാസിപുരിൽ വൈദ്യുതി കമ്പിയിൽ തട്ടി ബസിനു തീ പിടിച്ചു. അപകടത്തിൽ അഞ്ച് പേർ മരിക്കുകയും 10 പേർക്കു ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു. ബസ് പൂർണമായും കത്തി നശിച്ചു. വിവാഹസംഘത്തിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ മുപ്പതോളം യാത്രക്കാരുണ്ടായിരുന്നതായാണ് വിവരം .
വിവാഹം നടക്കുന്ന ക്ഷേത്രത്തിലേക്കു പോകുന്ന വഴിക്കായിരുന്നു അപകടം നടന്നത്. ബസ് കത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കറുത്ത കട്ടിപ്പുകയും തീയും ആകാശത്തേക്കുയരുന്നതു വിഡിയോയിൽ കാണാം. നാട്ടുകാരും അഗ്നിരക്ഷാസേന ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു.