സംസ്ഥാന സർക്കാർ കൊണ്ടുവന്ന ക്ഷീര സഹകരണ സംഘം ബിൽ രാഷ്ട്രപതി തള്ളി. മിൽമ ഭരണം പിടിച്ചെടുക്കുക എന്ന ഉദ്ദേശത്തോടെ ബിൽ കൊണ്ടുവന്ന സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടിയാണ് രാഷ്ട്രപതിയുടെ ഈ തീരുമാനം. ക്ഷീരകർഷക സംഘങ്ങളിൽ വോട്ടെടുപ്പിൽ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പ്രതിനിധിക്ക് വോട്ട് ചെയ്യാൻ അവകാശം നൽകുന്ന ബില്ലാണ് ക്ഷീര സഹകരണ സംഘം ബിൽ. ഇതിൽ പാസാക്കുന്നതോടെ മിൽമയുടെ ഭരണം പിടിച്ചെടുക്കാം എന്നായിരുന്നു സർക്കാരിന്റെ കണക്കുകൂട്ടൽ. എന്നാൽ അനുമതി രാഷ്ട്രപതി നിഷേധിച്ചതോടെ സർക്കാരിന് മിൽമ തെരഞ്ഞെടുപ്പിൽ പ്രതിനിധ്യം കുറയും.
ഇത് ഉൾപ്പെടെ അയച്ച 7 ബില്ലുകളിൽ 4 ബില്ലുകൾക്കും രാഷ്ട്രപതി അനുമതി നിഷേധിച്ചു. ബില്ലുകളിൽ ഒന്നിന് മാത്രമാണ് ഇതുവരെ രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത്. ലോകായുക്ത ബില്ലിൽ മാത്രം ഒപ്പിട്ട രാഷ്ട്രപതി മറ്റു നാല് ബില്ലുകളും തള്ളുകയായിരുന്നു. സർവകലാശാല ചാൻസിലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കാനുള്ള ബില്ലിനും, ചാൻസലർമാരെ നിർണയിക്കുന്ന സെർച്ച് കമ്മിറ്റിയിൽ ഗവർണറുടെ അധികാരം കുറയ്ക്കാനുള്ള ബില്ലിനും, സർവകലാശാല നിയമ ഭേദഗതി ബില്ലിനും രാഷ്ട്രപതി അനുമതി നൽകിയില്ല.