ന്യൂഡല്‍ഹി: റെസ്‌റ്റോറന്റില്‍ ഭക്ഷണം കഴിച്ചതിന് ശേഷം മൗത്ത് ഫ്രഷ്നര്‍ ഉപയോഗിച്ചവർക്ക് ദേഹാസ്വാസ്ഥ്യം. അഞ്ചുപേർക്കാണ് മൗത്ത് ഫ്രഷ്‌നര്‍ ഉപയോഗിച്ചതിനെ തുടർന്ന് വായില്‍ നിന്ന് രക്തം വരികയും പൊള്ളലേല്‍ക്കുകയും ചെയ്തത്. ഇതേ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അഞ്ചു പേരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഗുരുഗ്രാമിലാണ് സംഭവം.
ഗുരുഗ്രാമിലെ കഫേയിലെത്തിയ അങ്കിത് കുമാറിനും ഭാര്യയ്ക്കും സുഹൃത്തുക്കള്‍ക്കുമാണ് വായില്‍ പൊള്ളലേറ്റത്. മൗത്ത് ഫ്രഷനര്‍ ഉപയോഗിച്ച ഇവര്‍ വേദന കൊണ്ട് നിലവിളിക്കുകയും കരയുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പൊള്ളലേറ്റ ഒരാളുടെ വായില്‍ ഐസ് ഇടുന്നതും പിന്നീട് ഛര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
‘മൗത്ത് ഫ്രഷ്‌നറില്‍ അവര്‍ എന്താണ് കലര്‍ത്തിയതെന്ന് അറിയില്ല. ഇവിടെ എല്ലാവരും ഛര്‍ദ്ദിക്കുകയാണ്’- അങ്കിത് കുമാറിന്റെ വാക്കുകള്‍. നാവില്‍ മുറിവുകളും വായയില്‍ പൊള്ളലേറ്റിട്ടുമുണ്ട്. എന്ത് തരം ആസിഡാണ് അവര്‍ നല്‍കിയതെന്ന് അറിയില്ലെന്നും അങ്കിത് കുമാര്‍ പറയുന്നു. സംഭവത്തില്‍ പരിക്കേറ്റവര്‍ പൊലീസില്‍ പരാതി നല്‍കി.
മൗത്ത് ഫ്രഷ്നറിന്റെ പാക്കറ്റ് ഡോക്ടറെ കാണിച്ചുവെന്നും ഡോക്ടര്‍ ഞെട്ടിക്കുന്ന കാര്യങ്ങളാണ് പറഞ്ഞതെന്നും അങ്കിത് കുമാര്‍ വ്യക്തമാക്കി. മൗത്ത് ഫ്രഷ്‌നര്‍ പരിശോധിച്ച ഡോക്ടര്‍ പറഞ്ഞത് ഇത് ഡ്രൈ ഐസ് ആണെന്നാണ്. കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ ഖരരൂപമാണ് ഡ്രൈ ഐസ്. മൗത്ത് ഫ്രഷ്‌നര്‍ ആസിഡാണെന്നും ഇത് മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്നും ഡോക്ടര്‍ പറഞ്ഞതായും അങ്കിത് കുമാറിന്റെ പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Also: പുരാവസ്തു തട്ടിപ്പു കേസിൽ കെ സുധാകരനെ കൂട്ടുപ്രതിയാക്കി കുറ്റപത്രം; സുധാകരനെതിരെ ഗൂഢാലോചന കുറ്റവും