കല്‍പ്പറ്റ:പൂക്കോട് വെറ്ററിനറി കോളജ് ഹോസ്റ്റലിലെ മുഴുവൻ വിദ്യാർഥികളെയും സസ്പെൻഡ് ചെയ്തു. സിദ്ധാർഥന് മർദനമേൽക്കുമ്പോൾ ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാർഥികളെയാണ് ഒരാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തത്. മർദന വിവരം അധികൃതരെ അറിയിക്കാതിരുന്നതിനാണ് തിങ്കളാഴ്ച മുതൽ സസ്പെൻഷൻ. സംഭവസമയം ഹോസ്റ്റലിലുണ്ടായിരുന്ന ഒന്നാം വർഷ വിദ്യാർഥികളെയും സസ്പെൻഡ് ചെയ്തു.
പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാമ്പസിലെ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടില്‍ പോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. വയനാട് പൂക്കോടുള്ള വെറ്ററിനറി കോളേജിലുള്ളവര്‍ക്കാണ് വീട്ടില്‍ പോകുന്നതിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയത്. സിദ്ധാർത്ഥന്‍റെ മരണത്തിൽ നടക്കുന്ന പൊലീസ് അന്വേഷണത്തോട് സഹകരിച്ചാണ് നിയന്ത്രണമെന്ന് പിടിഎ പ്രസിഡന്‍റ് എം.പ്രേമൻ പറഞ്ഞു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ പോലെ നിയന്ത്രണം ബാധകമാണ്. വിദ്യാർത്ഥികൾ മറ്റ് ആവശ്യങ്ങൾക്ക് വേണ്ടി കോളേജിന് പുറത്തുപോയി വരുന്നതിന് തടസമില്ലെന്നും പിടിഎ പ്രസിഡന്‍റ് വ്യക്തമാക്കി.
ഇതിനിടെ, പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.യു നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. ക്യാമ്പസ് കവാടത്തിൽ സ്ഥാപിച്ച ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. പിൻമാറാതെ പ്രതിഷേധം തുടർന്നവർ പൊലീസിന് നേരെ കല്ലും വടികളും എറിഞ്ഞു. പിന്നാലെ പൊലീസ് ടിയർ ഗ്യാസും ഗ്രനേഡും പ്രയോഗിച്ചു. കല്ലേറ് തുടർന്നതോടെ പൊലീസ് ലാത്തിചാർജ് നടത്തി. നിരവധി കെ.എസ്.യു പ്രവർത്തകർക്ക് ലാത്തിചാർജിൽ പരിക്കേറ്റു.