കുർബാനയ്ക്കിടെ വീഞ്ഞിൽ വിഷം കലർത്തി വൈദികനെ അപായപ്പെടുത്താൻ ശ്രമം. ഇറ്റാലിയൻ വൈദികനെ ലക്‌ഷ്യം വച്ച് ആസൂത്രിത വധശ്രമം നടത്തിയത് മാഫിയ സംഘമാണെന്നാണ് പ്രാഥമിക വിലയിരുത്തി. ഫെബ്രുവരി 24 നു നടന്ന കുർബാനയ്ക്കിടെയായിരുന്നു മനസാക്ഷിയെ നടുക്കിയ സംഭവം അരങ്ങേറിയത്. തെക്കൻ ഇറ്റാലിയൻ പ്രദേശമായ കലാബ്രിയയിലെ സെസാനിട്ടയിലെ പള്ളിയിൽ ഇടവക വികാരി ഫാദർ ഫെലിസ് പലമാര കുർബാന നടത്തുന്നതിനിടെയാണ് സംഭവം. വീഞ്ഞ് വാഴ്ത്തുന്നതിന്ടെ രൂക്ഷഗന്ധം ശ്രദ്ധയിൽപ്പെട്ട വൈദികൻ കുർബാന നിർത്തി പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ വീഞ്ഞിൽ കെമിക്കൽ ക്ലീനർ ചേർത്തിരിക്കുന്നതായി കണ്ടെത്തി. ഇടന്തന്നെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ആരാണ് പള്ളിയിൽ പ്രവേശിച്ച് കെമിക്കൽ ക്ലീനർ ഉപയോഗിച്ച് വെള്ളവും വീഞ്ഞും മലിനമാക്കിയതെന്ന് തിരിച്ചറിയാൻ പോലീസ് സുരക്ഷാ ക്യാമറ ദൃശ്യങ്ങൾ വിശകലനം ചെയ്യുകയാണെന്ന് ദ ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.ഇതാദ്യമായല്ല ഫാദർ പാലമര ഭീഷണി നേരിടുന്നത്. ഏതാനും ആഴ്ചകൾക്ക് മുമ്പ് ഇദ്ദേഹത്തിന്റെ കാർ കത്തിക്കുകയും ഭീഷണി കത്തും ലഭിച്ചിരുന്നു.
കൊക്കെയ്ൻ കടത്തുകളിലൂടെയും മറ്റ് ക്രിമിനൽ പ്രവർത്തനങ്ങളിൽ നിന്നും പ്രതിവർഷം ദശലക്ഷക്കണക്കിന് യൂറോ സമ്പാദിക്കുന്ന എൻഡ്രാംഗെറ്റ ഗ്രൂപ്പിൻ്റെ തുറന്ന വിമർശകനായിരുന്നു ഫാദർ പലമാര. “ഇടവകയെ ദ്രോഹിക്കാൻ ഞങ്ങൾ ആരെയും അനുവദിക്കില്ല. മോചനം അർഹിക്കുന്നതും വളരാൻ ആഗ്രഹിക്കുന്നതുമായ ഒരു പട്ടണത്തെ ആർക്കും തടയാൻ കഴിയില്ല.ഈ ഭീഷണിപ്പെടുത്തൽ പ്രവൃത്തിക്ക് എൻ്റെ ഇടവകക്കാരുമായി ഒരു ബന്ധവുമില്ലെന്ന് എനിക്ക് ഉറപ്പുണ്ട്, കാരണം ഞാൻ 10 വർഷമായി ഇവിടെയുണ്ട്, ഇടവകയിലെ ആളുകളുമായി എനിക്ക് എല്ലായ്പ്പോഴും നല്ല ബന്ധമുണ്ട്.” ഫാദർ ഫെലിസ് പലമാര പറഞ്ഞു.