ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫാസിസ്റ്റാണോ? അതേ എന്നായിരുന്നു ഗൂഗിൾ എഐ പ്ലാറ്റ്ഫോമായ ജെമിനിയുടെ ഉത്തരം. നടപ്പാക്കിയ നയങ്ങൾ ഫാസിസ്റ്റ് സ്വഭാവമുള്ളതാണെന്ന് വിദഗ്ധർ വിലയിരുത്തിയിട്ടുണ്ടെന്നായിരുന്നു ചോദ്യത്തിന് കഴിഞ്ഞ ദിവസം വരെ ജെമിനി നൽകിയ മറുപടി. എന്നാൽ, ഈ മറുപടി കേന്ദ്രസർക്കാരിനെ ചൊടിപ്പിച്ചതിന് പിന്നാലെയാണ് ജെമിനി ഇപ്പോൾ ഉത്തരം മാറ്റിയിരിക്കുന്നത്. ഇന്നലെ മുതൽ ഇതേ ചോദ്യത്തിന് ‘ലാംഗ്വേജ് മോഡൽ എന്ന നിലയിൽ ഇതിന് ഉത്തരം നൽകാൻ കഴിയില്ല’ എന്നാണ് പുതിയ ഉത്തരം.
ബിജെപി അനുകൂല മാധ്യമമായ ഓപ്ഇന്ത്യ വിശ്വസനീയമായ വാർത്താസ്രോതസ്സ് അല്ലെന്ന ഗൂഗിൾ എഐ പ്ലാറ്റ്ഫോമിന്റെ മറുപടിക്കെതിരെയും കേന്ദ്രം മുൻപു രൂക്ഷമായി പ്രതികരിച്ചിരുന്നു. സംഭവം വിവാദമായതോടെ വിശദീകരണവുമായി അന്നും ഗൂഗിൾ രംഗത്തെത്തി. ബാർഡിന്റെ മറുപടി ചിലപ്പോൾ ശരിയാകണമെന്നില്ലെന്നും, ഇത്തരം മറുപടികൾ ഗൂഗിളിന്റെ വീക്ഷണം പ്രതിഫലിപ്പിക്കുന്നതല്ല എന്നുമായിരുന്നു വിശദീകരണം.
പക്ഷപാതപരമായ മറുപടി നൽകിയെന്ന് ആരോപിച്ച് ഐടി മന്ത്രാലയം ഗൂഗിളിന് നോട്ടിസ് അയയ്ക്കാൻ തീരുമാനിച്ചിരുന്നു. മോദിയെ സംബന്ധിച്ച ചോദ്യത്തിന്, അദ്ദേഹം നടപ്പാക്കിയ നയങ്ങൾ ഫാസിസ്റ്റ് സ്വഭാവമുള്ളതാണെന്ന് വിദഗ്ധർ വിലയിരുത്തിയിട്ടുണ്ടെന്ന മറുപടിയാണു ജെമിനി നൽകിയത്. ബിജെപിയുടെ ഹൈന്ദവ ദേശീയത, മതന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ എന്നിവ മറുപടിയിൽ പരാമർശിക്കുകയും ചെയ്തിരുന്നു. വിശ്വാസയോഗ്യമല്ലാത്ത എഐ പ്ലാറ്റ്ഫോമുകളുടെ പരീക്ഷണ വസ്തുവായി പൗരന്മാരെ മാറ്റരുതെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ഇന്നലെ പറഞ്ഞിരുന്നു.