കര്‍ഷക സമരത്തില്‍ ഒരു കര്‍ഷകന്റെ ജീവന്‍ കൂടി പൊലിഞ്ഞു. ബത്തിന്‍ദ ജില്ലയിലെ അമര്‍പുര ഗ്രാമത്തില്‍ നിന്നുള്ള 62കാരനായ ദര്‍ശന്‍ സിങ്ങാണ് മരണമടഞ്ഞത്. ഇന്നലെ രാത്രി അസ്വസ്ഥത അനുഭവപ്പെട്ട ദര്‍ശന്‍ സിങ്ങിനെ ആശുപത്രിയിലെത്തിച്ചെങ്കിലുംമരിച്ചു. കർഷക സമരത്തിനിടെയുണ്ടായ സംഘർഷത്തില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായും മുപ്പതോളം പേർക്ക് പരുക്കേറ്റതായും ഹരിയാന പോലീസ്അറിയിച്ചു. ശംഭു അതിർത്തിയില്‍ മാർച്ച് തടയുന്നതിനായി സ്ഥാപിച്ച ബാരിക്കേഡുകള്‍ നീക്കം ചെയ്യാനുള്ള നിരന്തരമായ ശ്രമം കർഷകരുടെ ഭാഗത്തുനിന്ന് ഉണ്ടായതായി അംബാല പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഇതിനിടെ നേരത്തെ പോലീസുമായുള്ള സംഘർഷത്തില്‍ കൊല്ലപ്പെട്ട യുവകര്‍ഷകന്‍ ശുഭ്‌കരണ്‍ സിങ്ങിന്റെ കുടുംബത്തിന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു. കർഷകൻ്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും കൊലപാതകത്തിന് കേസെടുക്കണമെന്നും സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം) നേതാവ് ബൽബീർ സിങ് രാജേവൽ ആവശ്യപ്പെട്ടിരുന്നു. സമാധാന അന്തരീക്ഷം ഇല്ലതാക്കിയതായും ഉദ്യോഗസ്ഥർക്കുനേരെ കല്ലെറിഞ്ഞെന്നും പൊതുസ്വത്ത് നശിപ്പിച്ചെന്നും കർഷകർക്കെതിരെ ആരോപണമുണ്ട്. കർഷകർക്കെതിരെ 1980ലെ ദേശീയ സുരക്ഷാ നിയമപ്രകാരം നടപടിയെടുക്കുമെന്നും പോലീസ് അറിയിച്ചു.