പത്തനംതിട്ട: ആംബുലൻസിൽ കടത്താൻ ശ്രമിച്ച 4 കിലോ കഞ്ചാവുമായി രണ്ട് പേരെ ഡാൻസാഫ് സംഘം പിടികൂടിയത് സിനിമ സ്റ്റൈൽ ചെയ്സിംഗിന് ഒടുവിൽ.ഇന്നലെ രാത്രി 8.30നായിരുന്നു സംഭവം.ആംബുലൻസ് ഡ്രൈവർ പിറവന്തൂർ കറവൂർ വിഷ്ണുവിലാസത്തിൽ വിഷ്ണു(28), ആര്യങ്കാവ് കഴുതുരുട്ടി പ്ലാമൂട്ടിൽ വീട്ടിൽ നസീർ(29) എന്നിവരാണ് പിടിയിലായത്.
വിഷ്ണു ആംബുലൻസിൽ കഞ്ചാവ് കടത്തുന്ന വിവരം പോലീസിന് ലഭിച്ചിട്ട് മാസങ്ങളായി. അന്നു മുതൽ ഡാൻസാഫ് സംഘം വലവിരിച്ച് കാത്തിരിക്കുകയായിരുന്നു. ഇന്നലെ രാത്രിയോടെയാണ് തൊണ്ടിയോടെ പിടികൂടാനായത്. കൊട്ടാരക്കര ഭാഗത്തു നിന്നു തലവൂർ–പത്തനാപുരം വഴി പുനലൂരിലേക്ക് കഞ്ചാവ് കടത്താനായിരുന്നു പദ്ധതി. കൊട്ടാരക്കര മുതലേ ഇവരുടെ പിന്നാലെ കൂടിയ ഡാൻസാഫ് ടീം പിടവൂരിൽ വച്ചാണ് ചെയ്സിംഗിനൊടുവിൽ പിടികൂടിയത്.
ഇവർക്ക് ആരാണ് കഞ്ചാവ് കൈമാറിയത്, എവിടേക്കാണ് കൊണ്ടു പോയത് എന്നീ വിവരങ്ങൾ അന്വേഷിക്കുകയാണ് പൊലീസ്. ആംബുലൻസിൽ 2 കിലോ വീതം രണ്ട് കെട്ടുകളാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പുനലൂർ താലൂക്ക് ആശുപത്രിക്കു മുന്നിൽ ആംബുലൻസ് ഡ്രൈവറായി സേവനം ചെയ്യുന്നയാളാണ് വിഷ്ണു. കഴിഞ്ഞ 10 വർഷമായി ഹാർട്ട് ലൈൻ എന്ന പേരിലുള്ള ആംബുലൻസ് ഓടിക്കുകയാണ്. കഴുതുരുട്ടിയിൽ കൂലിപ്പണി ചെയ്യുന്നയാളാണ് നസീറെന്നാണ് പൊലീസിനു നൽകിയ മൊഴി.
Read Also: 18.02.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ