കൊച്ചി: ചോദ്യക്കടലാസിൽ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകൻ പ്രഫ.ടി.ജെ.ജോസഫിന്റെ കൈ വെട്ടിയ കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി സവാദിന്റെ ഡിഎന്‍എ പരിശോധന നടത്താനൊരുങ്ങി എൻഐഎ. കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ സമാഹരിക്കുന്നതിനാണ് എൻഐഎയുടെ നീക്കം. സവാദിനെ കഴിഞ്ഞ ദിവസം കോടതി റിമാൻഡ് ചെയ്തിരുന്നു. സവാദിനെ കൂടി ഉള്‍പ്പെടുത്തിയുള്ള പുതിയ കുറ്റപത്രം എൻഐഎ വൈകാതെ കോടതിയിൽ സമർപ്പിക്കും.
കൈവെട്ടു കേസില്‍ ഒന്നാം പ്രതിയായ സവാദിനെ സംഭവശേഷം 13 വർഷം കഴിഞ്ഞാണ് എൻഐഎ കണ്ണൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്. സവാദിനായി രാജ്യത്തിനകത്തും പുറത്തും ഊർജിതമായ അന്വേഷണം നടന്നു കൊണ്ടിരിക്കുമ്പോൾ തന്നെയാണ് കണ്ണൂരിലെ വിവിധ പ്രദേശങ്ങളിൽ ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. ഒടുവിൽ അറസ്റ്റിലാകുമ്പോൾ ഷാജഹാന്‍ എന്ന പേരിൽ മരപ്പണി ചെയ്യുകയായിരുന്നു. ഇതിനിടെ വിവാഹം കഴിക്കുകയും രണ്ടു കുട്ടികളുടെ പിതാവാകുകയും ചെയ്തു.
തിരിച്ചറിയിൽ പരേഡിൽ പ്രഫ. ടി.ജെ.ജോസഫ് പ്രതി സവാദിനെ തിരിച്ചറിഞ്ഞിരുന്നു. പ്രവാചകനെ അപകീർത്തിപ്പെടുന്ന വിധത്തിൽ ചോദ്യപേപ്പർ തയാറാക്കി എന്നാരോപിച്ച് 2010 ജൂലൈ ആറിനാണ് പ്രതികൾ പ്രഫ. ജോസഫിന്റെ കൈവെട്ടി മാറ്റിയത്.
Read Also: ‘ഇന്ത്യ’യ്ക്ക് കനത്ത തിരിച്ചടി; ഗവർണർക്ക് രാജി കത്ത് കൈമാറി നിതീഷ് കുമാർ