ചെന്നൈ: മഹാത്മാഗാന്ധിക്കെതിരെ വിവാദ പരാമർശം നടത്തി തമിഴ്നാട് ഗവർണർ ആർ എൻ രവി. സ്വാതന്ത്ര്യ സമരത്തിൽ, 1942നു ശേഷം മഹാത്മാഗാന്ധിയുടെ പോരാട്ടം ഫലം കണ്ടില്ലെന്നും നേതാജി സുഭാഷ് ചന്ദ്രബോസാണു ശക്തമായ ചെറുത്തു നിൽപ്പിലൂടെ രാജ്യത്തിനു സ്വാതന്ത്ര്യം നേടിത്തന്നതെന്നും ഗവർണർ ആർ എൻ രവി പറഞ്ഞു. നേതാജിയുടെ ത്യാഗം മറ്റുള്ളവരെപ്പോലെ തന്നെ അനുസ്മരിക്കപ്പെടുകയും അഭിനന്ദിക്കുകയും ചെയ്യേണ്ടതാണ്. മുഹമ്മദലി ജിന്നയാണു രാജ്യത്തിൽ വിഭാഗീയതയ്ക്കു തുടക്കമിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജിന്നയുടെ നേതൃത്വത്തിൽ തമ്മിലടി ആണ് നടന്നത്. ബ്രിട്ടീഷുകാർക്കെതിരെ ഒരു ചെറുത്തുനിൽപ്പുമുണ്ടായില്ല. ബ്രിട്ടീഷുകാർ ഇതു ആസ്വദിക്കുന്ന സാഹചര്യം ആയിരുന്നു. നിസ്സഹകരണ സമരം കാര്യമായ ചലനം ഉണ്ടാക്കിയില്ല. നേതാജി കാരണമാണ് 1947ൽ സ്വാതന്ത്ര്യം കിട്ടിയത്. നേതാജിയെ ബ്രിട്ടീഷുകാർ ഭയന്നിരുന്നു എന്നും ഗവർണർ പറഞ്ഞു.
അണ്ണാ സർവകലാശാല ക്യാംപസിൽ സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനാഘോഷത്തോട് അനുബന്ധിച്ചു നടന്ന പരിപാടിയിൽ വെച്ചാണ് ഗവർണറുടെ പരാമർശം. അതേസമയം, പരിപാടിയിൽ പങ്കെടുക്കാൻ വിദ്യാർഥികളെ സർവകലാശാല അധികൃതർ നിർബന്ധിച്ചെന്നും പങ്കെടുക്കാത്തവർക്കു ഹാജർ നിഷേധിച്ചെന്നും ആരോപണമുണ്ട്.