ഗുരുവായൂർ: സുരേഷ്‌ഗോപിയുടെ മകളുടെ വിവാഹത്തിന് പങ്കെടുക്കാൻ ഗുരുവായൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രത്തിൽ ദർശനം നടത്തി. കൊച്ചിയിൽ നിന്നും ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിൽ ഹെലിപാഡിൽ ഹെലികോപ്റ്ററിലെത്തിയ അദ്ദേഹം റോഡ് മാര്‍ഗം ഗുരുവായൂരിലെ ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്ക് എത്തി. ഇവിടെ വിശ്രമിച്ച് വസ്ത്രം മാറിയ ശേഷമാണ് ഗുരുവായൂർ ക്ഷേത്രത്തിലെത്തിയത്.
കിഴക്കേ നട വഴി ക്ഷേത്രത്തിലേക്ക് കയറിയ അദ്ദേഹം വിശേഷാല്‍ പൂജകളില്‍ പങ്കെടുത്തു. ദർശനത്തിനു ശേഷം താമരമൊട്ടു കൊണ്ട് തുലാഭാരവും നടത്തി. ശേഷം സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുത്ത മോദി, മറ്റു വധൂവരന്മാരെ ആശംസകൾ അറിയിക്കുകയും ചെയ്തു.
പ്രധാനമന്ത്രിയെ കാണാനായി വൻ ജനാവലിയാണ് ഗുരുവായൂരിൽ തടിച്ചു കൂടിയിരുന്നത്. അദ്ദേഹത്തിന്റെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയിലാണ് ഗുരുവായൂർ ക്ഷേത്ര പരിസരം. ശ്രീവൽസം ഗസ്റ്റ് ഹൗസിലേക്ക് തിരിച്ച പ്രധാനമന്ത്രി 9.45 ഓടെ തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തിലേക്ക് പുറപ്പെടും. ഹെലികോപ്‌ററര്‍ മാര്‍ഗം പോകുന്ന പ്രധാനമന്ത്രി വലപ്പാട് ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടില്‍ ഇറങ്ങും. തുടര്‍ന്ന് കാര്‍മാര്‍ഗം ക്ഷേത്രത്തില്‍ എത്തും. ഒരു മണിക്കൂറോളം ക്ഷേത്രത്തിൽ ചിലവഴിക്കും. 11.15 ഓടെ ക്ഷേത്രത്തില്‍ നിന്ന് മടങ്ങും. ഹെലികോപ്റ്റര്‍ മാര്‍ഗം കൊച്ചിയിലേക്ക് തിരിക്കും. കൊച്ചിയിലെ പരിപാടികൾക്ക് ശേഷം ഉച്ചക്ക് കഴിഞ്ഞു ഡൽഹിയിലേക്ക് മടങ്ങും.
Read Also: പ്രധാനമന്ത്രി സാക്ഷി; സുരേഷ് ഗോപിയുടെ മകൾക്ക് താലിചാർത്തി ശ്രേയസ് മോഹൻ; മാല എടുത്തുനൽകി നരേന്ദ്രമോദി