ഇന്‍ഡോര്‍: അഫ്ഗാനിസ്ഥാനെതിരായ ട്വന്റി 20 യിൽ പരമ്പര നേടാനായി ഇന്ത്യ ഇന്നിറങ്ങുന്നു. ഒന്നാം മത്സരത്തിൽ വിട്ടുനിന്ന ഇന്ത്യൻ സൂപ്പർ താരം വിരാട് കോലി മടങ്ങിയെത്തുന്നു എന്നത് തന്നെയാണ് രണ്ടാം ട്വന്റി 20 യുടെ പ്രധാന സവിശേഷത. കൂടാതെ മലയാളി താരം സഞ്ജു സാംസൺ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.
കോലിയുടെ വരവോടെ ഇന്ത്യൻ നിരയിൽ മാറ്റം ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. മികച്ച പ്രകടനത്തിലൂടെ ലോകകപ്പ് ടീമിൽ സ്ഥാനം ഉറപ്പിക്കുകയാണ് യുവതാരങ്ങളായ റിങ്കു സിംഗ്, തിലക് വർമ്മ, ശിവം ദുബെ, രവി ബിഷ്ണോയ് എന്നിവരുടെ ലക്ഷ്യം. അതേസമയം ബൗളിംഗ് നിരയിൽ അർഷ്ദീപ് സിംഗ് മാത്രമാണ് അൽപ്പമെങ്കിലും ഭേദപ്പെട്ട ബൗളിംഗ് കാഴ്ചവെക്കുന്നത്. മുകേഷ് കുമാറും രവി ബിഷ്ണോയും കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നില്ല.
അതേസമയം മൊഹാലിയിലെ ആദ്യ ടി20യില്‍ തോറ്റ അഫ്ഗാനിസ്ഥാന് പരമ്പരയിൽ പ്രതീക്ഷ നിലനിർത്താൻ ഇൻഡോറിൽ ജയം അനിവാര്യമാണ്. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ 158 റൺസെടുത്ത അഫ്ഗാനിസ്ഥാനെതിരെ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം.
Read Also: കോലി കളിക്കില്ല, റാഷിദും പുറത്ത്; ഇന്ത്യ- അഫ്ഗാനിസ്താൻ ടി 20 പരമ്പര ഇന്നാരംഭിക്കും