വയനാട് വാകേരിയിൽ യുവാവിനെ കൊന്ന കടുവയ്ക്കായി തെരച്ചിൽ ആറാം ദിവസത്തിലേക്ക്. കൂടല്ലൂർ ഗ്രാമത്തിൽ മൂന്നിടത്ത് കടുവയെ പിടികൂടാനായി കൂടുവച്ചിട്ടുണ്ട്. കടുവയ്ക്കായുള്ള തെരച്ചിൽ സംഘത്തിൽ രണ്ടു കുങ്കിയാനകളെക്കൂടി എത്തിച്ചിരുന്നു. കുങ്കിയാനകളായ വിക്രമും ഭരതും ആണ് മിഷനിൽ പങ്കാളിയാകുക.വനംവകുപ്പിന്റെ ഡാറ്റ ബേസിൽ ഉൾപ്പെട്ട 13 വയസ്സ് പ്രായമുള്ള WWL 45 എന്ന ഇനത്തിൽപ്പെട്ട ആൺ കടുവയാണ് ആക്രമിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. നരഭോജി കടുവയാണെന്ന് തിരിച്ചറിഞ്ഞതിനാൽ വെടിവെച്ച് കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടിട്ടുണ്ട്. അഞ്ചു പട്രോളിങ് ടീമും ഷൂട്ടേഴ്സും ഡോക്ടർമാരും പ്രദേശത്ത് ഉണ്ട്.
വയനാട്ടിൽ കടുവയുടെ അക്രമണത്തിൽ ശനിയാഴ്ചയാണ് ബത്തേരി വാകേരിയിൽ കൂടല്ലൂർ മൂടക്കൊല്ലി സ്വദേശി മരോട്ടിതറപ്പിൽ പ്രജീഷ് കൊല്ലപ്പെട്ടത്. പുല്ലരിക്കാൻ പോയ പ്രജീഷിനെ കാണാതായതോടെ വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് വയലിൽ മൃതദേഹം കണ്ടെത്തിയത്. അതെ സമയം ചുളിക്ക മേഖലയിലെ കടുവ ഭീതി ഒഴിയുന്നില്ല. കഴിഞ്ഞദിവസം ചുളിക്ക 7–ാം നമ്പറിൽ പി.വി. ശിഹാബിന്റെ പശുവിനെ വന്യജീവി കൊന്നു. ബുധനാഴ്ച മേയാൻ വിട്ട പശുവിനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ ഇന്നലെ രാവിലെ പതിനൊന്നരയോടെയാണു പശുവിന്റെ ജഡം കണ്ടെത്തിയത്. ആക്രമിച്ചതു കടുവയാണെന്നാണ് പ്രാഥമിക നിഗമനം. ആക്രമണമുണ്ടായ സ്ഥലത്തു കടുവയുടേതിനു സമാനമായ കാൽപാടുകൾ പതിഞ്ഞിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പശുവിന്റെ ജഡം കണ്ടെത്തിയ സ്ഥലത്തു ക്യാമറ സ്ഥാപിച്ചു. കടുവ ശല്യം രൂക്ഷമായ മേഖലയാണിത്. മേഖലയിലെ തേയിലത്തോട്ടത്തിൽ താവളമാക്കിയ കടുവ കഴിഞ്ഞ 4 മാസങ്ങൾക്കിടെ 11 പശുക്കളെയാണു ആക്രമിച്ചു കൊലപ്പെടുത്തിയത്.
Read Also : റോഡപകടങ്ങളിൽ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ട്