കോഴിക്കോട് : സംസ്ഥാനത്തെ കോളേജ് ക്യാമ്പസുകളിൽ ഗവർണറെ കയറ്റില്ലെന്ന എസ്.എഫ്.ഐ വെല്ലുവിളി നേരിടാൻ തീരുമാനിച്ച് ഗവർണർ. ദില്ലിയിലുള്ള ഗവർണറുടെ ശനിയാഴ്ച്ച മുതലുള്ള കേരളത്തിലെ ചടങ്ങുകളുടെ ലിസ്റ്റ് പുറത്ത് വന്നു. ഇത് പ്രകാരം ദില്ലിയിൽ നേരെ കോഴിക്കോട് ഗവർണർ വിമാനമിറങ്ങും. കാലിക്കറ്റ് സർവകലാശാലയ്ക്കുള്ളിലെ ഗസ്റ്റ് ഹൗസിൽ അദേഹം താമസിക്കും. തൊട്ടടുത്ത ദിവസമായ നടക്കുന്ന പതിനേഴാം തിയതി ശ്രീനാരായണ ധർമ്മത്തെക്കുറിച്ച് ക്യാമ്പസിൽ നടക്കുന്ന സെമിനാർ ഉദ്ഘാടനം ചെയ്യും. അന്നേ ദിവസം മലപ്പുറത്ത് നടക്കുന്ന ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോകുന്നതും ക്യാമ്പസിൽ നിന്ന് തന്നെയായിരിക്കും. 16,17 തിയതികളിൽ ക്യാമ്പസിൽ തന്നെ താമസിച്ച ശേഷം പതിനെട്ടാം തിയതി തിരുവനന്തപുരത്തേയ്ക്ക് പോകും. മുൻപ് നാലു വട്ടം ഗവർണർ കാലിക്കറ്റ് സർവകലാശാലയിലെ ഗസ്റ്റ്ഹൗസിൽ താമസിച്ചിട്ടുണ്ട്. മലബാറിൽ പരിപാടികളുണ്ടെങ്കിൽ കോഴിക്കോട് ഗവ. ഗസ്റ്റ്ഹൗസിലും താമസിക്കാറുണ്ട്. എന്നാൽ എസ്.എഫ്.ഐ വെല്ലുവിളിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ ഗവർണറുടെ താമസം പോലീസിനും വെല്ലുവിളിയാകും. സർവകലാശാലയിൽ ഗവർണർക്ക് പൊലീസ് പഴുതടച്ച സുരക്ഷയൊരുക്കും. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് അദ്ദേഹത്തിനുള്ളത്. ഗവർണറുടെ . പരിപാടികൾക്ക് പാസ് അടക്കം ഏർപ്പെടുത്തുമെന്നാണ് വിവരം. സർവകലാശാലകളിലെ വൈസ് ചാൻസിലർ, സെനറ്റ് അംഗങ്ങൾ എന്നിവരുടെ നിയമനത്തിൽ സർക്കാരുമായി ഇടഞ്ഞ് നിൽക്കുകയാണ് ഗവർണർ. ഇതിനെതിരെയാണ് എസ്.എഫ്.ഐയുടെ സമരം.രാജ്ഭവനിൽ നിന്ന് വിമാനത്താവളത്തിലേക്കുള്ള യാത്രയിൽ തലസ്ഥാനത്ത് മൂന്നിടത്ത് കാർ തടഞ്ഞ് കരിങ്കൊടി കാട്ടിയത് ദില്ലിയിൽ വൻ വാർത്തയാക്കിയ ശേഷമാണ് ഗവർണർ കേരളത്തിലേയ്ക്ക് എത്തുന്നത്. അതേ സമയം ഗവർണറുടെ വെല്ലുവിളിയ്ക്ക് പഴയൊരു ചിത്രം ഉയർത്തി കാട്ടിയാണ് എസ്.എഫ്.ഐയുടെ മറുപടി. പ്രധാനമന്ത്രിയായിരിക്കെ ദില്ലി ജെ.എൻ.യു ക്യാമ്പസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ തടഞ്ഞ് നിറുത്തിയ എസ്.എഫ്.ഐ വിദ്യാർത്ഥി യൂണിയൻ ചിത്രം സംസ്ഥാന പ്രസിഡന്റ് പി.എം.ആർഷോ സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്തു. അന്ന് എസ്.എഫ്.ഐ വിന്റെ ജെ.എൻ.യു ഘടകത്തിന് നേതൃത്വം നൽകിയിരുന്ന സീതാറാം യെച്ചൂരിയേയും പഴയ ചിത്രത്തിൽ കാണാം.