ദില്ലി : പാലസ്തീനിൽ അടിയന്തര വെടിനിറുത്തലിന് ഐക്യരാഷ്ട്രസഭ പ്രമേയം പാസാക്കി. ഇന്ത്യ അനുകൂലമായി വോട്ട് ചെയ്തു. യു.എൻ പൊതുസഭയിലെ 80 ശതമാനം വരുന്ന 153 രാജ്യങ്ങളും പ്രമേയത്തെ അനുകൂലിച്ചു. യുദ്ധകെടുതി നേരിടുന്ന സാധാരണക്കാരെ സംരക്ഷിക്കാനും മാനുഷിക സഹായങ്ങൾ എത്തിക്കാനും അടിയന്തരമായി വെടിനിറുത്തൽ നടപ്പിലാക്കണമെന്ന് പ്രമേയം ആവിശ്യപ്പെടുന്നു. ഹമാസ്- ഇസ്രയേൽ പോരാട്ടം ആരംഭിച്ച ശേഷം പത്താം തവണയാണ് ഐക്യരാഷ്ട്രസഭ അടിയന്തരമായി ചേരുന്നത്. ഒക്ടോബർ മാസം ചേർന്ന പൊതു യോഗത്തിൽ വെടിനിറുത്തൽ പ്രമേയം അറബ് രാജ്യങ്ങൾ കൊണ്ട് വന്നെങ്കിലും ഇന്ത്യ വോട്ടിനോട് സഹകരിക്കാതെ യോഗത്തിൽ നിന്നും വിട്ട് നിന്നു. അന്ന് നാൽപ്പത്തിയഞ്ച് രാജ്യങ്ങളും സമാനമായ രീതിയിൽ പൊതുയോഗത്തിൽ നിന്നും വിട്ട് നിന്നു. പിന്നീട് പല തവണ വെടിനിറുത്തൽ പ്രമേയം യു.എൻ പൊതുസഭയിൽ വന്നപ്പോഴേല്ലാം എതിർക്കുന്ന രാജ്യങ്ങളുടെ എണ്ണം കുറഞ്ഞ് വന്നു. ഏറ്റവും അവസാനം ഇന്ത്യ അടക്കം 23 രാജ്യങ്ങൾ വോട്ടിനോട് സഹകരിക്കാതെ വിട്ട് നിന്നു. എന്നാൽ ഇത്തവണ ഇന്ത്യയുടെ നിലപാട് മാറ്റി വെടിനിറുത്തൽ ആവിശ്യപ്പെട്ടു. ഉക്രെയിനിൽ റഷ്യ നടത്തുന്ന അധിനിവേശം നിറുത്തണമെന്നാവശ്യപ്പെടുന്നവരേക്കാൾ കൂടുതൽ പേർ ഇസ്രയേൽ പാലസ്തീനിൽ നടത്തുന്ന പോരാട്ടത്തിനെതിരെ വോട്ട് ചെയ്തു. അതേ സമയം യുഎൻ സുരക്ഷാ കൗൺസിൽ യോഗത്തിൽ വെടി നിറുത്തൽ കാര്യത്തിൽ ഭിന്നത തുടരുന്നു. അമേരിക്ക വീറ്റോ ചെയ്തത് കാരണം ഇത് വരെ പ്രമേയം പാസായിട്ടില്ല.
ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം ഗാസയിൽ മാത്രം 15,000 പേർ ഇത് വരെ കൊല്ലപ്പെട്ടു. ഇസ്രയേലിൽ 1200 പേർക്കും ജീവൻ നഷ്ട്ടമായി.
Read Also :നിമിഷപ്രിയയുടെ അമ്മയ്ക്ക് യെമനിലേക്ക് പോകാൻ അനുമതി; നിമിഷ പ്രിയയുടെ മോചനത്തിനുള്ള ചർച്ചകൾ നടത്തും