ബസ് കണ്ടക്ടറായി ജോലി ചെയ്തിരുന്ന കാലത്ത് ഒരു മോഹം കൊണ്ട് സിനിമയിൽ എത്തി . പിന്നീട് സിനിമാലോകത്തെ സൂപ്പർസ്റ്റാർ എന്ന് ആരാധകരെ കൊണ്ട് വിളിപ്പിച്ച് അയാൾ കുറിച്ചത് പുതു ചരിത്രം . അതെ സാക്ഷാൽ സ്‌റ്റൈൽ മന്നനായി തിളങ്ങി രജനികാന്ത്. ഇന്ന് എഴുപത്തിമൂന്നാം ജന്മദിനം ആഘോഷിക്കുമ്പോൾ രജനിയെ പറ്റിയുള്ള രസകരമായ കഥകൾ പുറത്ത് വരുകയാണ് . നൂറുക്കണക്കിന് സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരത്തിന് സിനിമാ ജീവിതത്തിൽ ഒത്തിരി അനുഭവങ്ങളുമുണ്ട്.അത്തരത്തിൽ തന്റെ ജീവിത പങ്കാളിയായി ലതയെ തെരഞ്ഞെടുത്ത കഥയാണ് പിറന്നാൾ ദിനത്തിൽ സോഷ്യൽ മീഡിയ കീഴടക്കുന്നത്.
സൗന്ദര്യമുള്ളതും വെളുത്ത നിറമുള്ള ഒരു പെണ്ണിനെ തന്നെ വിവാഹം കഴിക്കും എന്ന രജനികാന്തിന്റെ വാശിയാണ് ആ വിവാഹത്തിൽ കലാശിച്ചത് . പണ്ട് ബസിൽ കണ്ടക്ടറായി ജോലി ചെയ്യുന്ന കാലത്ത് ഒരു പെൺകുട്ടിയോട് വിവാഹാഭ്യർഥന നടത്തിയ രജനികാന്തിനെ ആ കുട്ടി അപമാനിച്ചിരുന്നു. അന്ന് താരത്തിന്റെ നിറത്തിന്റെ പേരിലായിരുന്നു ആ കുട്ടി പരിഹസിച്ചത്. ഇതോടെയാണ് ജീവിതത്തിൽ വിവാഹം കഴിക്കുകയാണെങ്കിൽ ഒരു വെളുത്ത പെണ്ണിനെ ആയിരിക്കുമെന്ന് നടൻ തീരുമാനിച്ചത്.
കോളേജിൽ പഠിക്കുകയായിരുന്ന ലത കോളേജ് മാഗസിനിൽ രജനികാന്തിന്റെ ഒരു അഭിമുഖം ചെയ്യാനായി എത്തിയതായിരുന്നു. അങ്ങനെയാണ് രജനികാന്തും ലത രംഗാചരിയും തമ്മിൽ കണ്ടുമുട്ടുന്നത്.ആദ്യ കാഴ്ചയിൽ തന്നെ ലതയോട് ഇഷ്ടം തോന്നിയ രജനികാന്ത് അഭിമുഖം തീരുന്നതിനുള്ളിൽ അവരെ പ്രൊപ്പോസ് ചെയ്തു എന്നതും മറ്റൊരു കഥയാണ്. ‘ലതയെ കണ്ടപ്പോൾ തന്നെ ആകർഷണം തോന്നിയ രജനികാന്ത് അഭിമുഖം അവസാനിച്ചപ്പോൾ നിങ്ങളെ ഞാൻ വിവാഹം കഴിച്ചോട്ടേ എന്ന് ചോദിക്കുകയായിരുന്നു. .മാതാപിതാക്കളോട് വന്ന് കാര്യം അവതരിപ്പിക്കാനായിരുന്നു ലതയുടെ മറുപടി. വൈകാതെ രജനികാന്ത് ലതയുടെ വീട്ടിലേക്ക് പോവുകയും അവരെ കാര്യം പറഞ്ഞ് മനസിലാക്കുകയും ചെയ്തു. ആർക്കും ഈ ബന്ധത്തിൽ കുഴപ്പങ്ങളൊന്നും ഇല്ലാത്തതിനാൽ കാര്യങ്ങൾക്കൊന്നും തടസമുണ്ടായില്ല. അങ്ങനെയാണ് ലതയും രജനികാന്തും തമ്മിലുള്ള വിവാഹം നടക്കുന്നത്.
അതെ സമയം നടന് പിറന്നാൾ ആശംസയുമായി ആരാധകരും സിനിമാ ലോകവും എത്തിയിട്ടുണ്ട്. പ്രിയസുഹൃത്തിന് പിറന്നാൾ ആശംസയുമായി കമൽ ഹാസൻ എത്തിയിരിക്കുകയാണ്. എക്സിലൂടെയാണ് ആശംസ നേർന്നത്.’എന്റെ പ്രിയ സുഹൃത്ത് സൂപ്പർസ്റ്റാറിന് ജന്മദിനാശംസകൾ. എന്നും വിജയം കൊയ്തുകൊണ്ട് സന്തോഷകരമായ ജീവിതം നയിക്കാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു’ എന്നാണ് കമൽ കുറിച്ചത്.