തിരുവനന്തപുരം : സംസ്ഥാന ടൂറിസം വകുപ്പ് 2022 ഏപ്രിൽ നാലാം തിയതി ആരംഭിച്ച പദ്ധതിയാണ് കാരവാൻ ടൂറിസം. നവീകരിച്ച അത്യാധുനിക ബസിൽ കേരളം കാണാം. ഒരു ദിവസം നാലായിരം രൂപ ഈടാക്കുന്ന പദ്ധതിയ്ക്ക് പലിയ പ്രചാരണമാണ് ടൂറിസം വകുപ്പ് നൽകുന്നത്. ലോക്സഭ – നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ സംസ്ഥാന മന്ത്രിസഭയും കാരവാൻ ടൂറിസത്തിന് പ്രചാരണം നൽകാൻ ഇറങ്ങുകയാണോ എന്ന് സംശയം. മുഖ്യമന്ത്രിയും മന്ത്രിമാരും 140 നിയോജക മണ്ഡലത്തിലും സഞ്ചരിച്ച് പൊതുജനങ്ങളുമായി ഇടപഴകുന്ന നവകേരള യാത്രയ്ക്കായി ബാഗ്ലൂരിൽ ഒരുങ്ങുന്നത് 1.05 കോടി രൂപ ചിലവഴിച്ച് നവീകരിച്ച സ്വിഫ്റ്റ് ബസ്. നവകേരള യാത്ര പ്രഖ്യാപിച്ച സെപ്തംബർ മാസം തന്നെ മന്ത്രിമാർക്ക് സഞ്ചരിക്കാനുള്ള ബസ് കെ.എസ്.ആർ.ടി.സി കണ്ടെത്തി. പക്ഷെ സാധാരണക്കാൻ സഞ്ചരിക്കുന്ന ബസ് മന്ത്രിമാർക്ക് സഞ്ചരിക്കാനുള്ള രീതിയിൽ നവീകരിക്കണം. ബഡ്ജറ്റ് തയ്യാറാക്കി കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകര്‍ സെപ്റ്റംബര്‍ 22ന് പൊതുഭരണ വകുപ്പിന് കത്ത് നൽകി.ഒക്ടോബർ എട്ടിന് ധനവകുപ്പിന് മുന്നിൽ എത്തി.അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് രണ്ടു ദിവസത്തിനുള്ളിൽ ധനമന്ത്രി തുക അനുവദിക്കുകയും ചെയ്തു. ബാഗ്ലൂരിലെ പ്രസിദ്ധമായ വാഹനനവീകരണ കേന്ദ്രത്തിൽ പണി പൂർത്തിയായി വരുന്നു. കേരളത്തിൽ ഉള്ള രണ്ട് കമ്പനികളെ ഒഴിവാക്കിയാണ് ബാഗ്ലൂരിലെ കേന്ദ്രം തിരഞ്ഞെടുത്തതെന്നും ആരോപണം ഉണ്ട്. നവകേരള യാത്ര ആരംഭിക്കുന്ന ശനിയാഴ്ച്ചയ്ക്ക് മുമ്പ് ബസ് തിരുവനന്തപുരത്ത് എത്തും. അതിന് മുമ്പ് ബാഗ്ലൂരിലെ കമ്പനിയ്ക്ക് നൽകേണ്ട പണം അനുവദിച്ച് ധനവകുപ്പ് സർക്കാർ ഉത്തരവ് പുറത്തിറക്കി. പത്താം തിയതി ഇറക്കിയ ഉത്തരവ് ഇന്നലെയാണ് മാധ്യമങ്ങൾക്ക് ലഭിച്ചത്. അധിക ഫണ്ടായാണ് തുക അനുവദിച്ചത്. ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തിയാണ് ഇത്. 5 ലക്ഷം രൂപക്ക് മുകളിലുള്ള ബില്ലുകള്‍ മാറാന്‍ ധനവകുപ്പിന്റെ അനുമതി വേണം. അതുകൊണ്ടാണ് ബസ് വാങ്ങിക്കാന്‍ ട്രഷറി നിയന്ത്രണം ഒഴിവാക്കിയത്. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെയാണ് നവകേരള സദസ്. സര്‍ക്കാര്‍ ചെലവില്‍ എല്‍ഡിഎഫിന്റെ ലോകസഭ തെരഞ്ഞെടുപ്പ് പ്രചരണമാണ് നവകേരള സദസ് എന്നാണ് പ്രതിപക്ഷ ആരോപണം.
മുഖ്യമന്ത്രിക്കായി ബസിൽ വിശാല സൗകര്യങ്ങളാണ് ഉള്ളതെന്നാണ് വിവരം. മന്ത്രി മന്ത്രിമാർക്കും ഇതേ ബസിൽ സഞ്ചരിക്കാം. രണ്ട് സ്വിഫ്റ്റ് ബസുകളാണ് നവകേരള യാത്രയ്ക്കായി ഒരുക്കുന്നത്. 2021 മെയ് മാസത്തിനു ശേഷം മുഖ്യമന്ത്രിക്ക് മാത്രം 4 പുതിയ കാറുകൾ വാങ്ങിയിട്ടുണ്ട്. 2.50 കോടി രൂപയാണ് ചെലവ്. ഇന്നോവ ക്രിസ്റ്റക്ക് പകരം കറുത്ത കിയ കാര്‍ണിവല്‍, ഡല്‍ഹിയില്‍ സഞ്ചരിക്കാന്‍ പ്രത്യേക വാഹനം, കണ്ണൂര്‍ സഞ്ചരിക്കാന്‍ മറ്റൊരു കാര്‍ എന്നിങ്ങനെയാണ് നിലവിൽ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം. നവകേരള സദസിന്റെ പേരില്‍ 1.05 കോടിയുടെ ആഡംബര ബസും കൂടിയായതോടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ വാഹനങ്ങളുടെ അകമ്പടിയിൽ യാത്ര ചെയ്യുന്ന മുഖ്യമന്ത്രിമാരിൽ ഒരാളായി പിണറായി വിജയൻ മാറി.
ജിഡിപിയുടെ 37 ശതമാനം കടം
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് സംസ്ഥാന സർക്കാർ. സർക്കാരിന്റെ പൊതുകടം 2.10 ലക്ഷം കോടിയായി ഉയർന്നുവെന്ന് ധനമമന്ത്രി തന്നെ സമ്മതിക്കുന്നു. നിയമസഭയിൽ ധനവകുപ്പ് വച്ച കണക്ക് പ്രകാരം കേരളത്തിന്റെ ആകെ ജിഡിപിയുടെ 37 ശതമാനം കടം. ജിഡിപിയുടെ 50 ശതമാനം കടം വാങ്ങിയ പഞ്ചാബിനേയും, ധനക്കമ്മിയില്‍ ആറു ശതമാനത്തിന് അടുത്തു നില്‍ക്കുന്ന രാജസ്ഥാനേയും റിസര്‍വ് ബാങ്ക് ഈയടുത്ത കാലത്താണ് വിമർശനത്തിന് ഇടയാക്കിയത്. കേരളത്തിന്റെ സ്ഥാനം ഈ രണ്ടു സംസ്ഥാനങ്ങളുടെയും തൊട്ട് താഴെയാണ്. നിലവിലെ കടമെടുപ്പ് തുടർന്നാൽ കേരളത്തിന്റെ അവസ്ഥ അതിദയനീയമായി മാറും. 2014-15-ല്‍ കടമെടുത്തത് 16,431 കോടി. 21-22-ല്‍ അത് 26,633കോടിയായി ഉയര്‍ന്നു. ഈ വർഷത്തെ കണക്ക് വരാൻ പോകുന്നതേയുള്ളു. അവിശ്യസാധനങ്ങളുടെ വില വർദ്ധിപ്പിച്ചും, നികുതി പിരിവ് ഇരട്ടിയാക്കിയും കടമെടുപ്പ് കുറയ്ക്കാൻ കേരളം ശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമായി ട്രഷറി നിയന്ത്രണം ഒരു വർഷത്തേയ്ക്ക് നീട്ടിയിരുന്നു. അതിനിടയിലാണ് നവകേരള യാത്ര, കേരളീയം എന്ന പേരിൽ സർക്കാർ തന്നെ പണം ധൂർത്തടിക്കുന്നത്.
Read Also : ഹിജാബ് നിരോധനത്തിൽ നിലപാട് മാറ്റി കർണാടക സർക്കാർ ; തല മറക്കുന്ന എല്ലാ വസ്ത്രങ്ങളും നിരോധിക്കും