‘മരുമകനെയും വിളിക്കണോ?’ ദേശീയപാത ഉദ്ഘാടന വിവാദത്തിൽ രാജീവ് ചന്ദ്രശേഖറിന്റെ കടുത്ത പ്രതികരണം
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ദേശീയപാതാ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങ് സംസ്ഥാന സർക്കാർ ബഹിഷ്‌കരിച്ചതിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്ത്. അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമമാണ് സംസ്ഥാന സർക്കാരിന്റെ നിലപാടെന്ന് അദ്ദേഹം ആരോപിച്ചു.
പരിപാടിയിലേക്ക് സംസ്ഥാനത്തിന്റെ തലവനായ മുഖ്യമന്ത്രിയെ കേന്ദ്ര സർക്കാർ പ്രോട്ടോക്കോൾ പ്രകാരം ക്ഷണിച്ചിട്ടുണ്ടെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. “മുഖ്യമന്ത്രിയുടെ മരുമകനെ ഉൾപ്പെടെ കുടുംബത്തിലെ എല്ലാവരെയും ക്ഷണിക്കണമെന്നത് എവിടെയാണ് എഴുതിയിരിക്കുന്നത്? പരിപാടിയിൽ മുഖ്യമന്ത്രിയോടൊപ്പം ആര് വരണമെന്നത് അദ്ദേഹം തന്നെ തീരുമാനിക്കട്ടെ,” എന്നും അദ്ദേഹം പ്രതികരിച്ചു.
തിരഞ്ഞെടുപ്പിന് മുമ്പായി വിവാദങ്ങൾ സൃഷ്ടിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇനി മുപ്പത് ദിവസത്തിനകം തിരഞ്ഞെടുപ്പ് വരാനിരിക്കെ, ശ്രദ്ധ തിരിക്കാനാണ് ഇത്തരം വിഷയങ്ങൾ ഉയർത്തുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
പ്രധാനമന്ത്രി കേരളത്തിലെത്തുന്ന കാര്യം മുഖ്യമന്ത്രി മുൻകൂട്ടി അറിയാമായിരുന്നുവെന്നും, അന്നുതന്നെ വിഷയമുയർത്താതിരുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാന സർക്കാരിന് ആര് പങ്കെടുക്കണമെന്ന് മുൻകൂട്ടി അറിയിക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനങ്ങൾക്കായി പ്രഖ്യാപിക്കുന്ന വികസന പദ്ധതികളിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് ഇത്തരം വിവാദങ്ങൾ ഉണ്ടാക്കുന്നതെന്നും മാധ്യമങ്ങൾ അതിൽ പങ്കാളികളാകരുതെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
English Summary
BJP Kerala President Rajeev Chandrasekhar criticized the Kerala government for boycotting the inauguration of national highway development projects to be attended by Prime Minister Narendra Modi.









