ഉയർന്ന ശമ്പളം കിട്ടിയിട്ടും സന്തോഷമില്ല; ഐഐടി യുവാവിന്റെ പോസ്റ്റ് ചർച്ചയാകുന്നു
പഠനം കഴിഞ്ഞ് നല്ല ശമ്പളമുള്ള ജോലി നേടി സന്തോഷത്തോടെ ജീവിക്കണമെന്നതാണ് പലരുടെയും സ്വപ്നം. എന്നാൽ ഉയർന്ന ശമ്പളമുള്ള ജോലി കിട്ടിയാലും ജീവിതം എല്ലായ്പ്പോഴും സന്തോഷകരമാവണമെന്നില്ല. അത്തരത്തിലുള്ള ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഐഐടിയിൽ നിന്ന് ബിരുദം നേടിയ ഒരു യുവാവ് ബെംഗളൂരുവിലെ പ്രമുഖ കമ്പനിയിൽ ജോലി ചെയ്യുമ്പോൾ അനുഭവിക്കുന്ന മടുപ്പിനെ കുറിച്ചാണ് തന്റെ കുറിപ്പിൽ പറയുന്നത്.
കോളേജ് ജീവിതം ആവേശകരമായിരുന്നു
പഠനകാലം വളരെ ആവേശകരമായിരുന്നുവെന്നും അന്ന് പുതിയ ആശയങ്ങൾ പരീക്ഷിക്കാനും ക്രിയേറ്റീവായി പ്രവർത്തിക്കാനും അവസരമുണ്ടായിരുന്നുവെന്നും യുവാവ് പറയുന്നു.
എന്നാൽ കോർപ്പറേറ്റ് ലോകത്തേക്ക് എത്തിയപ്പോൾ പ്രതീക്ഷിച്ചതുപോലുള്ള ആവേശം ലഭിച്ചില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ഗുരുവായൂരപ്പന് ഉപ്പുമാങ്ങ നിവേദ്യം ഒരുക്കിയ നാരായണിക്കുട്ടി പിഷാരസ്യാർ അന്തരിച്ചു
കോർപ്പറേറ്റ് ജീവിതം വിരസമെന്ന് പരാതി
ബെംഗളൂരുവിലെ ഔട്ടർ റിംഗ് റോഡിലെ ഗതാഗതക്കുരുക്കും ഓഫീസ് ജോലിയുടെ ആവർത്തനവുമാണ് ജീവിതം മടുപ്പിക്കുന്നതെന്ന് യുവാവ് പറയുന്നു.
കോളേജ് കാലത്ത് ഒരുമിച്ച് പ്രവർത്തിച്ചിരുന്ന സുഹൃത്തുക്കൾ ഇപ്പോൾ ഓരോരുത്തരും തിരക്കിലായതിനാൽ ആശയങ്ങൾ പങ്കിടാനോ ഒരുമിച്ച് എന്തെങ്കിലും ചെയ്യാനോ അവസരം കുറവാണെന്നും അദ്ദേഹം കുറിച്ചു.
വലിയ കാര്യങ്ങൾ ചെയ്യാനുള്ള ആഗ്രഹം
“എനിക്ക് നല്ല ശമ്പളമുള്ള ജോലിയുണ്ട്, പക്ഷേ അത് ഇപ്പോൾ മടുപ്പിക്കുന്നു. ഒരാൾക്ക് തന്റെ ജോലിയെ എത്രത്തോളം സ്നേഹിക്കാൻ കഴിയും?” എന്നാണ് യുവാവ് ചോദിക്കുന്നത്.
തന്റെ കഴിവുകൾ വലിയ എന്തിനെങ്കിലും വേണ്ടി ഉപയോഗികാണമെന്നും വലിയ പ്രോജക്റ്റുകളുടെ ഭാഗമാകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും യുവാവ് പറയുന്നു.
സോഷ്യൽ മീഡിയയിൽ ചർച്ച
യുവാവിന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയതോടെ നിരവധി പേരാണ് സമാന അനുഭവങ്ങൾ പങ്കുവെച്ചത്.
ചിലർ കോളേജ് ജീവിതം ഏറ്റവും സന്തോഷകരമായ കാലഘട്ടമാണെന്ന് അഭിപ്രായപ്പെട്ടപ്പോൾ, മറ്റുചിലർ ജോലിയും ശമ്പളവുമില്ലാത്തവരുടെ ബുദ്ധിമുട്ടുകളും ഓർമ്മിപ്പിച്ചു.
English Summary:
An IIT graduate working in a high-paying job in Bengaluru has gone viral after sharing a candid post about feeling bored with corporate life. Despite earning a good salary at a major company, the engineer said the excitement he felt during college is missing now. He pointed to traffic on Bengaluru’s Outer Ring Road, repetitive office work, and the lack of creative collaboration with friends as reasons for the dissatisfaction. The post has sparked wide discussion online, with many sharing similar experiences.









