പ്രീമെട്രിക് ഹോസ്റ്റലിൽ പാചകവാതകം മുടങ്ങിയ സംഭവത്തിൽ പ്രതിഷേധം
പാചകവാതകം മുടങ്ങിയതിനെ തുടർന്ന് മൂന്നാർ ട്രൈബൽ പ്രീമെട്രിക് ഹോസ്റ്റലിന്റെ പ്രവർത്തനം അവതാളത്തിലായ സംഭവത്തിൽ ആദിവാസി മുതുവാൻ സംഘത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി.
ഹോസ്റ്റലിനു മുമ്പിൽ നടന്ന ധർണ സംസ്ഥാന പ്രസിഡന്റ് പാൽരാജ് ഉദ്ഘാടനം ചെയ്തു. അരിയും പച്ചക്കറികളുമടക്കമുള്ള സാധനങ്ങൾ കൈയ്യിലേന്തിയായിരുന്നു പ്രതിഷേധക്കാർ ഹോസ്റ്റലിൽ എത്തിയത്.
കവാടത്തിൽ പോലീസ് മാർച്ച് തടഞ്ഞത് നേരിയ സംഘർഷത്തിന് കാരണമായി. വീടുകളിലേക്ക് പോയ കുട്ടികളെ തിരികെയെത്തിക്കാനുള്ള വണ്ടിക്കൂലി രക്ഷിതാക്കൾക്ക് നൽകണമെന്നും സംഭവത്തിൽ വീഴ്ച്ച വരുത്തിയവർക്കെതിരെ കർശന നടപടി വേണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
നാളുകളായി ഹോസ്റ്റലിൽ പാചകവാതക ക്ഷാമം അനുഭവപ്പെട്ടിരുന്നു. ഇതേതുടർന്ന് കുട്ടികൾക്കുള്ള ഭക്ഷണവിതരണം താറുമാറായി.
ജീവനക്കാർ പിരിവിട്ട് പാചകവാതകം വാങ്ങിയും വിറകടുപ്പ് ഉപയോഗിച്ചുമാണ് ഭക്ഷണം തയ്യാറാക്കിയിരുന്നത്. ഇതും തടസ്സപ്പെടുമെന്ന സാഹചര്യമുണ്ടായതോടെ തിങ്കളാഴ്ച രക്ഷിതാക്കളെത്തി കുട്ടികളെ വീടുകളിലേക്ക് തിരികെ കൊണ്ടുപോയിരുന്നു.
ഈ സാഹചര്യത്തിലാണ് ആദിവാസി മുതുവാൻ സംഘം പ്രതിഷേധവുമായെത്തിയത്. നിലവിൽ ഹോസ്റ്റലിൽ പാചക വാതകം എത്തിച്ചുവെന്നും മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടില്ല എന്നും അധികൃതർ ഉറപ്പു നൽകിയതോടെയാണ് പ്രധിഷേധം അവസാനിപ്പിച്ചത്.
പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള പ്രീമെട്രിക് ഹോസ്റ്റലിൽ ഇടമലക്കുടിയിൽ നിന്നുൾപ്പെടെയുള്ള 65 പെൺകുട്ടികളാണ് താമസിച്ച് പഠിക്കുന്നത്.









