തിരുവനന്തപുരം: കേരളത്തിലെ സാധാരണക്കാരെ ഭീതിയിലാഴ്ത്തുന്ന ‘വിർച്വൽ അറസ്റ്റ്’ തട്ടിപ്പുകാരുടെ വലയിൽ ഇത്തവണ കുടുങ്ങിയത്
മുൻ ആഭ്യന്തര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ.
മുംബൈ പോലീസ് എന്ന വ്യാജേനയാണ് തട്ടിപ്പുകാർ എം.എൽ.എയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്.
ആധാർ കാർഡ് തട്ടിപ്പ് എന്ന വ്യാജ സന്ദേശം
തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ആധാർ വിവരങ്ങൾ ഉപയോഗിച്ച് വൻതോതിൽ സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നായിരുന്നു തട്ടിപ്പുകാരുടെ പ്രധാന വാദം.
വാട്‌സ്ആപ്പ് വഴിയാണ് ഇവർ മുൻ മത്രിയെ ബന്ധപ്പെട്ടത്. മുംബൈ പോലീസ് ഇതുമായി ബന്ധപ്പെട്ട് കേസ്
എടുത്തിട്ടുണ്ടെന്നും നിയമനടപടികളിൽ നിന്ന് ഒഴിവാകാൻ സഹകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഭീഷണി.
ഭയക്കാതെ തിരുവഞ്ചൂർ; പോലീസിന് പരാതി
സാധാരണയായി ഇത്തരം കോളുകൾ വരുമ്പോൾ ഭയന്നുപോകുന്ന പലരും തട്ടിപ്പുകാർ ചോദിക്കുന്ന പണം നൽകി കേസ് ഒതുക്കാൻ ശ്രമിക്കാറുണ്ട്.
എന്നാൽ പോലീസ് സംവിധാനങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുള്ള തിരുവഞ്ചൂർ, തനിക്ക് വന്ന സന്ദേശങ്ങൾ വ്യാജമാണെന്ന് ഉടനടി തിരിച്ചറിഞ്ഞു.
ഇതിനുപിന്നാലെ അദ്ദേഹം സംസ്ഥാന പോലീസ് മേധാവിക്ക് (DGP) ഔദ്യോഗികമായി പരാതി നൽകുകയും ചെയ്തു.
എന്താണ് ഈ വിർച്വൽ അറസ്റ്റ്?
പോലീസ് അല്ലെങ്കിൽ സി.ബി.ഐ ഉദ്യോഗസ്ഥർ എന്ന വ്യാജേന വീഡിയോ കോളിലൂടെ വന്ന്,
നിങ്ങളെ ഒരു മുറിക്കുള്ളിൽ നിരീക്ഷിക്കുകയാണെന്നും പുറത്തിറങ്ങാൻ പാടില്ലെന്നും ഭീഷണിപ്പെടുത്തുന്ന രീതിയാണിത്.
സാമ്പത്തിക തട്ടിപ്പിലോ മയക്കുമരുന്ന് കേസിലോ കുടുങ്ങിയിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് പണം തട്ടുകയാണ് ഇവരുടെ ലക്ഷ്യം.
ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
മുൻ ആഭ്യന്തര മന്ത്രിയെപ്പോലും ലക്ഷ്യം വെച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു.
ഔദ്യോഗിക ഏജൻസികൾ ആരും തന്നെ വാട്‌സ്ആപ്പ് വഴിയോ വീഡിയോ കോൾ വഴിയോ ഇത്തരത്തിൽ അറസ്റ്റ് നടപടികൾ സ്വീകരിക്കില്ലെന്ന് പോലീസ് വീണ്ടും വ്യക്തമാക്കി.
English Summary
Former Kerala Home Minister and Congress leader Thiruvanchoor Radhakrishnan received a ‘virtual arrest’ threat from cyber fraudsters posing as Mumbai Police. The scammers claimed his Aadhaar card was linked to financial fraud and threatened legal action via WhatsApp. Recognizing the scam, Thiruvanchoor immediately filed a complaint with the State DGP.









