പാരസെറ്റമോൾ നൽകിയത് ഓവർഡോസിൽ; കുഞ്ഞിന്റെ ജീവിതം പ്രതിസന്ധിയിൽ
ഗ്ലാസ്‌ഗോയിലെ റോയൽ ഹോസ്പിറ്റൽ ഫോർ ചിൽഡ്രനിൽ ഡോക്ടർമാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ പിഴവ് എട്ട് ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞിന്റെ ജീവിതം പ്രതിസന്ധിയിലാക്കി.
വയറിന്റെ വലതുവശത്തെ ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയനായ സോഹാൻ എന്ന കുഞ്ഞിനാണ് മരുന്നിന്റെ അളവ് മാറിയതിലൂടെ ദുരനുഭവം ഉണ്ടായത്.
ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള വേദന കുറയ്ക്കാൻ നൽകിയ പാരസെറ്റമോളിന്റെ അളവ് തെറ്റിയതാണ് വിനയായത്.
2 മില്ലി പാരസെറ്റമോൾ നൽകേണ്ട സ്ഥാനത്ത് പത്തിരട്ടി വർധിച്ച് 20 മില്ലിയാണ് കുഞ്ഞിന്റെ ശരീരത്തിൽ കുത്തിവെച്ചത്.
പിഴവ് ഉടനടി തിരിച്ചറിഞ്ഞ ഡോക്ടർമാർ കരളിനെ ബാധിക്കുന്ന വിഷാംശം തടയാനുള്ള ‘അസറ്റൈൽസിസ്റ്റീൻ’ നൽകി അടിയന്തര ചികിത്സ ആരംഭിച്ചു.
രക്തസാമ്പിളുകൾ നിരന്തരം പരിശോധിച്ച് മരുന്നിന്റെ അളവ് നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും, ഈ അമിത അളവ് കുഞ്ഞിന്റെ ഭാവി ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് മാതാപിതാക്കളായ അഹദും ഹീറ ഉൾ ഹസനും.
പാരസെറ്റമോൾ അമിതമാകുന്നത് കരളിന്റെ പ്രവർത്തനത്തെ ദാരൂണമായി ബാധിക്കാൻ സാധ്യതയുണ്ട്.
നിലവിൽ സോഹാന് കരൾ സംബന്ധമായ പ്രശ്നങ്ങളില്ലെങ്കിലും, കുട്ടി വളരുമ്പോൾ മാത്രമേ മരുന്നിന്റെ യഥാർത്ഥ ആഘാതം വ്യക്തമാകൂ എന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.
ശാരീരികമോ മാനസികമോ ആയ ദീർഘകാല പ്രശ്നങ്ങൾക്ക് ഇത് കാരണമായേക്കാം. നിലവിൽ ഒൻപത് മാസം പ്രായമായ സോഹാൻ മറ്റ് കുട്ടികളെപ്പോലെ ഇരിക്കാനോ ഇഴയാനോ ശ്രമിക്കാത്തത് മാതാപിതാക്കളെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
കുഞ്ഞിന്റെ കാഴ്ചശക്തിയെ സംബന്ധിച്ചും നിലവിൽ ചില സംശയങ്ങൾ ഉയർന്നിട്ടുണ്ട്. ഒരു ചെറിയ പിഴവ് കുഞ്ഞിന്റെ സ്വാഭാവിക വളർച്ചയെ ബാധിക്കുമോ എന്ന ഭീതിയിലാണ് ഈ കുടുംബം.









