പയ്യന്നൂർ ഫണ്ട് തട്ടിപ്പ് ആരോപണം: അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളി, പ്രതിപക്ഷ പ്രതിഷേധം
തിരുവനന്തപുരം: പയ്യന്നൂരിലെ സിപിഎം നേതാവും എംഎൽഎയുമായ ടി.ഐ. മധുസൂദനനെതിരായ ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണവും കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ സിപിഎം ആക്രമണവും സഭയിൽ ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളി.
വിഷയത്തിന് അടിയന്തര പ്രാധാന്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കറുടെ നടപടി. ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് അവതരണാനുമതി തേടാനുള്ള അവസരം പോലും നൽകാതെയായിരുന്നു നോട്ടീസ് തള്ളിയതെന്ന് പ്രതിപക്ഷം ആരോപിച്ചു.
വിഷയം അതീവ ഗൗരവമുള്ളതാണെന്നും സഭയിൽ ചർച്ച ചെയ്യാതെ ഒഴിവാക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു.
ആരോപണവിധേയനായ എംഎൽഎയുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ സ്ത്രീകൾ അടക്കമുള്ളവരെ സിപിഎം നേതാക്കൾ കുറുവടികൾ ഉപയോഗിച്ച് ആക്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു.
ഇത്രയും ഗൗരവമുള്ള വിഷയം സഭയിൽ ചർച്ച ചെയ്യാതെ മാറ്റിവെച്ചത് ഏത് ചട്ടത്തിന്റെ അടിസ്ഥാനത്തിലാണെന്നും വി.ഡി. സതീശൻ ചോദിച്ചു.
അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി പ്രതിപക്ഷത്തുനിന്ന് സജി ജോസഫാണ് നോട്ടീസ് നൽകിയിരുന്നത്.
സ്പീക്കറുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ എംഎൽഎമാർ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിച്ച അവർ സഭാ നടപടികൾ ബഹിഷ്‌കരിച്ചു.
ധനരാജ് രക്തസാക്ഷി ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ച കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനെ സിപിഎം പാർട്ടിയിൽ നിന്ന് പുറത്താക്കിയതും വിവാദങ്ങൾക്ക് കൂടുതൽ ശക്തി നൽകി.
English Summary
The Kerala Assembly Speaker rejected the Opposition’s adjournment motion seeking discussion on allegations of misappropriation of the Dhanaraj Martyr Fund against Payyannur CPM MLA T.I. Madhusoodanan and alleged CPM attacks on Congress workers. Citing lack of urgency, the Speaker denied permission, triggering strong protests by Opposition MLAs, who staged a walkout alleging suppression of a serious issue.
payyannur-cpm-fund-scam-adjournment-motion-rejected
Payyannur Fund Scam, TI Madhusoodanan, CPM, Kerala Assembly, Opposition Protest, Adjournment Motion, VD Satheesan, Congress, Political Controversy









