തിരുവനന്തപുരം: രാജ്യത്തെ ബാങ്കിംഗ് മേഖല നാളെ സ്തംഭിക്കും.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനകൾ ആഹ്വാനം ചെയ്ത അഖിലേന്ത്യ പണിമുടക്ക് നാളെ നടക്കും.
ഇതോടെ പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനം പൂർണ്ണമായും തടസ്സപ്പെടുമെന്ന് ഉറപ്പായി.
സാധാരണക്കാർക്കും വ്യാപാരികൾക്കും ഒരുപോലെ തിരിച്ചടിയാകുന്ന ഈ നീക്കം സാമ്പത്തിക ഇടപാടുകളെ സാരമായി ബാധിച്ചേക്കും.
അഞ്ച് ദിവസത്തെ പ്രവൃത്തി ആഴ്ച ആവശ്യപ്പെട്ട് ബാങ്ക് സംഘടനകളുടെ ഐക്യവേദി;
ബാങ്ക് ജീവനക്കാരുടെ ഒമ്പത് പ്രമുഖ സംഘടനകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (UFBU) ആണ് സമരത്തിന് നേതൃത്വം നൽകുന്നത്.
ജനുവരി 23-ന് ലേബർ കമ്മീഷണറുമായി യൂണിയൻ പ്രതിനിധികൾ നടത്തിയ അനുരഞ്ജന ചർച്ചകൾ ഫലം
കാണാതെ പിരിഞ്ഞതോടെയാണ് സമരവുമായി മുന്നോട്ട് പോകാൻ സംഘടനകൾ തീരുമാനിച്ചത്.
തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ അധികൃതർ തയ്യാറാകാത്ത സാഹചര്യത്തിൽ പണിമുടക്കല്ലാതെ മറ്റ് വഴികളില്ലെന്നാണ് യൂണിയൻ നേതാക്കളുടെ നിലപാട്.
തുടർച്ചയായ നാലാം ദിനവും ബാങ്കുകൾക്ക് പൂട്ട്; റിപ്പബ്ലിക് ദിനത്തിന് പിന്നാലെ പണിമുടക്ക് കൂടി എത്തിയതോടെ ജനങ്ങൾ വലയുന്ന അവസ്ഥ
ബാങ്ക് ഇടപാടുകാരെ സംബന്ധിച്ചിടത്തോളം ഈ പണിമുടക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
ജനുവരി 24 നാലാം ശനിയാഴ്ചയും, 25 ഞായറാഴ്ചയും ബാങ്കുകൾക്ക് അവധിയായിരുന്നു. ഇന്ന് (ജനുവരി 26) റിപ്പബ്ലിക് ദിനമായതിനാലും ബാങ്കുകൾ പ്രവർത്തിക്കുന്നില്ല.
ഇതിന് തൊട്ടുപിന്നാലെ നാളെ പണിമുടക്ക് കൂടി എത്തുന്നതോടെ ബാങ്കുകൾ തുടർച്ചയായി നാല് ദിവസമാണ് അടഞ്ഞു കിടക്കുന്നത്.
വെള്ളറടയിൽ വീണ്ടും മോഷണം; പലചരക്ക് കട കുത്തിത്തുറന്ന് ഒരു ലക്ഷം രൂപയുടെ നഷ്ടം
ഇത് വലിയ തോതിലുള്ള സാമ്പത്തിക സ്തംഭനത്തിന് കാരണമായേക്കാം.
ഓരോ ദിവസവും 40 മിനിറ്റ് അധികം ജോലി ചെയ്യാൻ തയ്യാറെന്ന് ജീവനക്കാർ;
ബാങ്ക് ജീവനക്കാരുടെ പ്രധാന ആവശ്യം ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിനങ്ങൾ നടപ്പിലാക്കുക എന്നതാണ്.
നിലവിൽ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിൽ മാത്രമാണ് ജീവനക്കാർക്ക് അവധി ലഭിക്കുന്നത്.
എല്ലാ ശനിയാഴ്ചകളും അവധിയാക്കി പ്രവൃത്തി ദിനങ്ങൾ അഞ്ചായി ചുരുക്കണമെന്ന് സംഘടനകൾ വർഷങ്ങളായി ആവശ്യപ്പെടുന്നു.
ഇതിന് പകരമായി പ്രവൃത്തി ദിവസങ്ങളിൽ പ്രതിദിനം 40 മിനിറ്റ് അധികം ജോലി ചെയ്യാൻ തയ്യാറാണെന്നും സംഘടനകൾ അറിയിച്ചിരുന്നു.
എന്നാൽ ഈ നിർദ്ദേശത്തിൽ അനുകൂല തീരുമാനമുണ്ടാകാത്തതാണ് ജീവനക്കാരെ പ്രകോപിപ്പിച്ചത്.
ചെക്ക് ഇടപാടുകളും പണം കൈമാറ്റവും മുടങ്ങും;
നാളെ പണിമുടക്ക് നടക്കുമ്പോൾ പണം നിക്ഷേപിക്കൽ, പിൻവലിക്കൽ, ചെക്കുകൾ പാസാക്കൽ തുടങ്ങിയ അടിസ്ഥാന സേവനങ്ങൾ മുടങ്ങും.
ബാങ്ക് വഴിയുള്ള ഭരണപരമായ നടപടികളും തടസ്സപ്പെടും. എന്നാൽ എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ തുടങ്ങിയ സ്വകാര്യ ബാങ്കുകളുടെ പ്രവർത്തനത്തെ ഈ സമരം ബാധിക്കില്ല.
എന്നിരുന്നാലും, പൊതുമേഖലാ ബാങ്കുകൾ അടഞ്ഞു കിടക്കുന്നതിനാൽ എടിഎമ്മുകളിൽ പണം തീരാനുള്ള സാധ്യതയുണ്ട്.
English Summary
Banking services in India’s public sector are set to be disrupted tomorrow, January 27, as the United Forum of Bank Unions (UFBU) has called for a nationwide strike. The strike follows a series of holidays: the fourth Saturday (Jan 24), Sunday (Jan 25), and Republic Day (Jan 26), resulting in a four-day continuous closure.









