തൃക്കാക്കര പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ തമിഴ്നാട് സ്വദേശി മരിച്ചു
കൊച്ചി: തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്ത തമിഴ്നാട് സ്വദേശി മരിച്ചു; മരണം സംശയാസ്പദമല്ലെന്ന് പ്രാഥമിക നിഗമനം
തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്ത തമിഴ്നാട് സ്വദേശി മരിച്ച നിലയിൽ. ഡിണ്ടിഗൽ സ്വദേശിയായ ഈനാശിയുടെ മകൻ ബാബുരാജ് (50) ആണ് മരിച്ചത്.
സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിനെ ഏൽപ്പിച്ചയാളാണ് ബാബുരാജ്.
വ്യാഴാഴ്ച രാത്രി സെല്ലിൽ കഴിയുന്നതിനിടെ അപസ്മാരത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ബാബുരാജിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും പുലർച്ചെ 3.10ഓടെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും അവർ എത്തിയ ശേഷം മാത്രമായിരിക്കും പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കുകയെന്നും പൊലീസ് അറിയിച്ചു.
ഹൃദയാഘാതമാണ് മരണകാരണമെന്ന പ്രാഥമിക നിഗമനമുണ്ടെങ്കിലും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം മാത്രമേ അന്തിമ സ്ഥിരീകരണം സാധ്യമാകൂ.
ഇന്നലെ രാത്രി 8.30 മുതൽ 9 മണിയോടെയാണ് വാഴക്കാല വില്ലേജിലെ ചെമ്പുമുക്ക് സെന്റ് മൈക്കിൾസ് ദേവാലയത്തിന് സമീപം ബാബുരാജിനെ നാട്ടുകാർ സംശയാസ്പദമായി കാണുന്നത്.
വിവരങ്ങൾ അന്വേഷിക്കാൻ ശ്രമിച്ചപ്പോൾ നാട്ടുകാരെ കണ്ടതോടെ സമീപത്തെ കാടുപിടിച്ച സ്ഥലത്തേക്ക് ഇയാൾ ഓടിമറഞ്ഞതായാണ് നാട്ടുകാർ പറയുന്നത്. തുടർന്ന് വിവരം അറിയിച്ചതിനെ തുടർന്ന് തൃക്കാക്കര പൊലീസ് സ്ഥലത്തെത്തി രാത്രി തന്നെ ഇയാളെ കസ്റ്റഡിയിലെടുത്തു.
എഫ്ഐആർ പ്രകാരം, പ്രദേശവാസിയും പൊതുപ്രവർത്തകനുമായ മാർട്ടിൻ എന്നയാളുടെ സാന്നിധ്യത്തിൽ ബാബുരാജിനെ തൃക്കാക്കര സഹകരണ ആശുപത്രിയിൽ എത്തിച്ച് മെഡിക്കൽ പരിശോധന നടത്തി.
തുടർന്ന് ബിഎൻഎസ്എസ് സെക്ഷൻ 170 പ്രകാരം കരുതൽ തടങ്കലിൽ ഇയാളെ സെല്ലിൽ പാർപ്പിച്ചു.
പുലർച്ചെ 2.50ഓടെ അപസ്മാരം പോലുള്ള അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് വീണ്ടും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പൊലീസ് കസ്റ്റഡിയിലെടുക്കുമ്പോൾ ഇയാൾ പരസ്പരവിരുദ്ധമായി സംസാരിച്ചിരുന്നതായും മദ്യപിച്ചിരുന്നോ എന്ന സംശയമുണ്ടെന്നും നാട്ടുകാർ പറഞ്ഞു.
English Summary:
A 50-year-old man from Dindigul, Tamil Nadu, identified as Baburaj, died while in police custody at Thrikkakara in Kochi. He was detained after locals found him behaving suspiciously and handed him over to the police. Baburaj reportedly developed seizure-like symptoms inside the cell and was rushed to hospital, where he was declared dead early morning. Police suspect a heart attack as the preliminary cause of death, though confirmation awaits post-mortem results.
thrikkakara-police-custody-death-tamil-nadu-man
police custody death, Thrikkakara police, Kochi news, Tamil Nadu native, suspicious death, Kerala crime news









