ഇൻസ്റ്റാഗ്രാം വീഡിയോ കണ്ട് ഞൊടിയിടയിൽ യുവാവിനെ രക്ഷപെടുത്തി പോലീസ്
ലക്നൗ: ഇൻസ്റ്റഗ്രാമിൽ ആത്മഹത്യ സൂചനയുള്ള വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ യുവാവിനെ സമയബന്ധിതമായി കണ്ടെത്തി രക്ഷപ്പെടുത്തി ഉത്തർപ്രദേശ് പൊലീസ്.
യുവാവ് പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റിനെക്കുറിച്ചുള്ള വിവരം മെറ്റ (Meta) അധികൃതർ നേരിട്ട് പൊലീസിനെ അറിയിച്ചതോടെയാണ് അടിയന്തര ഇടപെടൽ സാധ്യമായത്. ഉത്തർപ്രദേശിലെ ഭാദോഹി ജില്ലയിലെ ഔറൈ പ്രദേശത്താണ് സംഭവം.
വ്യാഴാഴ്ച രാത്രി ഔറൈ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവാവാണ് ആത്മഹത്യ ചെയ്യാൻ ഒരുങ്ങുന്നുവെന്ന സൂചന നൽകുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
“എന്റെ പ്രിയേ, എന്നോട് ക്ഷമിക്കൂ. മരിക്കുന്നതിന് മുൻപുള്ള എന്റെ അവസാന പ്രതീക്ഷയാണിത്. ഞാൻ മരിച്ച ശേഷം എനിക്ക് വേണ്ടി പ്രാർഥിക്കണം. ഇന്ന് ഞാൻ 50 ഉറക്ക ഗുളികകൾ കഴിച്ചു.
ഞാൻ മരിച്ചാലും ദുഖിക്കരുത്” എന്നായിരുന്നു വീഡിയോയിലെ യുവാവിന്റെ വാക്കുകൾ. ഈ സന്ദേശം കണ്ടതോടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിന്റെ നിരീക്ഷണ സംവിധാനങ്ങൾ സജീവമായി.
വ്യാഴാഴ്ച രാത്രി 11.15ഓടെയാണ് യുവാവിന്റെ പോസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ മെറ്റ അധികൃതർ ലക്നൗവിലെ പൊലീസ് ആസ്ഥാനത്തെ സോഷ്യൽ മീഡിയ മോണിറ്ററിംഗ് സെന്ററിലേക്ക് ഇ-മെയിലിലൂടെ കൈമാറിയത്.
സന്ദേശം ലഭിച്ച ഉടൻ തന്നെ പൊലീസ് സൈബർ വിഭാഗം യുവാവിന്റെ അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ച് സ്ഥലം സ്ഥിരീകരിച്ചു. തുടർന്ന് ഭാദോഹി ജില്ലയിൽ ഉള്ള ഔറൈ പൊലീസ് സ്റ്റേഷനിലേക്ക് വിവരം കൈമാറി.
സന്ദേശം ലഭിച്ച് ഏഴ് മിനിറ്റിനുള്ളിൽ തന്നെ ഔറൈ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള പ്രത്യേക സംഘം യുവാവിന്റെ വീട്ടിലെത്തി.
വീടിനുള്ളിൽ കിടക്കയിൽ ഛർദിച്ച നിലയിൽ ഗുരുതരമായി അവശനായ യുവാവിനെയാണ് പൊലീസ് കണ്ടെത്തിയത്.
ഉടൻ തന്നെ ഇയാളെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി അടിയന്തര ചികിത്സ നൽകി. ചികിത്സയെത്തുടർന്ന് യുവാവിന്റെ നില മെച്ചപ്പെട്ടു.
പിന്നീട് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് പിന്നിലെ കാരണം വ്യക്തമായത്.
വീട്ടുകാർ മോട്ടോർസൈക്കിൾ വാങ്ങി നൽകാത്തതിനെ തുടർന്ന് മാനസിക സമ്മർദത്തിലായിരുന്നുവെന്നും അതാണ് ആത്മഹത്യ ശ്രമത്തിലേക്ക് നയിച്ചതെന്നും യുവാവ് പൊലീസിനോട് പറഞ്ഞു.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇയാളെ മാനസിക കൗൺസിലിംഗിന് വിധേയനാക്കിയിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ഇത്തരം സന്ദേശങ്ങൾ ഗൗരവത്തോടെ നിരീക്ഷിക്കുകയും സമയബന്ധിതമായി പൊലീസിനെ അറിയിക്കുകയും ചെയ്ത മെറ്റയുടെ ഇടപെടൽ യുവാവിന്റെ ജീവൻ രക്ഷിക്കാൻ സഹായകമായതായി പൊലീസ് അധികൃതർ വ്യക്തമാക്കി. ആത്മഹത്യാ പ്രവണതകൾക്കെതിരെ ജാഗ്രത പുലർത്താനും മാനസിക സമ്മർദം അനുഭവിക്കുന്നവർ സഹായം തേടണമെന്നും പൊലീസ് അഭ്യർഥിച്ചു.








