ദുബായ്: യുഎഇയിലെ കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം ഇനി മുതൽ രക്ഷിതാക്കളുടെ പൂർണ്ണ ഉത്തരവാദിത്തം.
രാജ്യത്ത് പുതുതായി നടപ്പിലാക്കിയ ബാല ഡിജിറ്റൽ സുരക്ഷാ നിയമം (Child Digital Safety Law)
വഴി കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങളിൽ രക്ഷിതാക്കൾക്കും കെയർഗിവർമാർക്കും നിയമപരമായ ബാധ്യതകൾ നിശ്ചയിച്ചു.
ഇതോടെ കുട്ടികൾ സോഷ്യൽ മീഡിയയിലും ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളിലും സമയം ചെലവഴിക്കുമ്പോൾ
രക്ഷിതാക്കൾ വെറും കാഴ്ചക്കാരായി ഇരുന്നാൽ നിയമനടപടി നേരിടേണ്ടി വരുമെന്ന സ്ഥിതിയാണ് സംജാതമായിരിക്കുന്നത്.
വെറും ഉപദേശമല്ല, ഇനി നിയമപരമായ ഉത്തരവാദിത്തം: രക്ഷിതാക്കൾക്ക് മേൽ കടുപ്പമേറിയ നിബന്ധനകൾ
മുൻപ് കുട്ടികളുടെ ഡിജിറ്റൽ ഉപയോഗം നിയന്ത്രിക്കുക എന്നത് ഒരു മാർഗ്ഗനിർദ്ദേശം മാത്രമായിരുന്നെങ്കിൽ,
പുതിയ സിഡിഎസ് (CDS) നിയമപ്രകാരം ഇതൊരു നിയമപരമായ കടമയാണ്.
ഹാനികരമായ ഉള്ളടക്കങ്ങൾ കുട്ടികൾ കാണുന്നില്ലെന്ന് ഉറപ്പാക്കാനും, അമിതമായ ഫോൺ ഉപയോഗം നിയന്ത്രിക്കാനും രക്ഷിതാക്കൾ ബാധ്യസ്ഥരാണ്.
ഓൺലൈൻ ലോകത്തെ ചതിക്കുഴികളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുന്ന പക്ഷം രക്ഷിതാക്കൾക്കും കെയർഗിവർമാർക്കും നിയമത്തിന് മുന്നിൽ മറുപടി പറയേണ്ടി വരും.
ആഗോള ടെക് ഭീമന്മാർക്കും പിടിവീഴും; കുട്ടികളെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങൾക്കും വിവരശേഖരണത്തിനും വിലക്ക്
യുഎഇയിൽ ആസ്ഥാനമില്ലാത്ത ആഗോള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളെയും (സോഷ്യൽ മീഡിയ, ഗെയിമിംഗ് ആപ്പുകൾ)
നിയമത്തിന്റെ പരിധിയിൽ കൊണ്ടുവന്നു എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.
13 വയസ്സിന് താഴെയുള്ള കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ രക്ഷിതാക്കളുടെ സമ്മതമില്ലാതെ ശേഖരിക്കാൻ ഗൂഗിൾ, മെറ്റ തുടങ്ങിയ കമ്പനികൾക്ക് ഇനി അനുവാദമുണ്ടാകില്ല.
കൂടാതെ, കുട്ടികളെ ലക്ഷ്യം വെച്ചുള്ള വാണിജ്യ പരസ്യങ്ങൾക്കും നിയമം കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഓൺലൈൻ ചൂതാട്ടവും വാതുവെപ്പും പാടില്ല; 18 വയസ്സിന് താഴെയുള്ളവർക്ക് കർശന നിയന്ത്രണം
കുട്ടികൾക്കിടയിൽ പടരുന്ന ഓൺലൈൻ ഗെയിമിംഗ് ആസക്തിയെ തടയാൻ നിയമം പ്രത്യേകം ശ്രദ്ധിക്കുന്നു.
18 വയസ്സിന് താഴെയുള്ളവർ പണമിടപാടുകൾ ഉൾപ്പെടുന്ന ഓൺലൈൻ ഗെയിമുകളിലോ, ചൂതാട്ട സൈറ്റുകളിലോ പങ്കെടുക്കുന്നത് നിയമം മൂലം നിരോധിച്ചു.
ഇത്തരം സൈറ്റുകൾ കുട്ടികൾ ആക്‌സസ് ചെയ്യുന്നത് തടയാനുള്ള സുരക്ഷാ കവചങ്ങൾ ഒരുക്കേണ്ടത് ഇന്റർനെറ്റ് സേവന ദാതാക്കളുടെയും പ്ലാറ്റ്‌ഫോമുകളുടെയും ഉത്തരവാദിത്തമാണ്.
72 ശതമാനം കുട്ടികളും ഫോൺ ഉപയോഗിക്കുന്നു; എന്നാൽ നിരീക്ഷിക്കുന്നത് പകുതിയിൽ താഴെ മാത്രം
യുഎഇ സൈബർ സുരക്ഷാ കൗൺസിലിന്റെ ഞെട്ടിക്കുന്ന കണക്കുകൾ പ്രകാരമാണ് പുതിയ നിയമനിർമ്മാണം വേഗത്തിലാക്കിയത്.
രാജ്യത്തെ 8 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികളിൽ 72 ശതമാനവും ദിവസവും സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നുണ്ട്.
എന്നാൽ വെറും 43 ശതമാനം രക്ഷിതാക്കൾ മാത്രമാണ് മക്കളുടെ ഓൺലൈൻ ഇടപെടലുകൾ കൃത്യമായി നിരീക്ഷിക്കുന്നത്.
ഈ വിടവ് നികത്തി കുട്ടികൾക്ക് സുരക്ഷിതമായ ഇന്റർനെറ്റ് അന്തരീക്ഷം ഒരുക്കുകയാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം.
English Summary:
The UAE has introduced the Child Digital Safety (CDS) Law, shifting digital safety from a recommendation to a legal mandate for parents and guardians. The law restricts data collection for children under 13, bans minors under 18 from online gambling/betting, and requires global tech platforms to implement age-verification and parental controls.









