അവൻ എന്റെ ചങ്കും പറിച്ചങ്ങ് പോയി… ഹൃദയം നുറുങ്ങുന്ന വാക്കുകളുമായി ലക്ഷ്മി ദേവൻ
മകന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഹൃദയം നുറുങ്ങുന്ന വാക്കുകളുമായി സീരിയൽ താരം ലക്ഷ്മി ദേവൻ. അടുത്തിടെയാണ് ലക്ഷ്മിയുടെ മകൻ അനശ്വർ വാഹനാപകടത്തിൽ മരിച്ചത്.
മകന്റെ ഓർമ്മകളുമായി വേദന പങ്കുവെച്ചുകൊണ്ട് ലക്ഷ്മി സോഷ്യൽ മീഡിയയിൽ കുറിച്ച കുറിപ്പ് ഏറെ ശ്രദ്ധ നേടുകയാണ്.
‘ഏതോ ഒരു പേപ്പറിൽ എന്തൊക്കെയോ കുത്തിക്കുറിച്ച്. മോനോട് സംസാരിച്ചാൽ അവനു കേൾക്കാൻ പറ്റുമോ എന്നെനിക്കറിയില്ല. എനിക്ക് വട്ടാണല്ലേ…? അങ്ങനെ എങ്കിലും ഞാൻ സമാധാനിക്കട്ടെ…’ എന്നാണ് ലക്ഷ്മി പങ്കുവച്ച ഹൃദയസ്പർശിയായ കുറിപ്പ്.
മറ്റൊരു പോസ്റ്റിൽ മകനെ നഷ്ടപ്പെട്ട വേദന കൂടുതൽ തുറന്നുപറയുകയും ചെയ്തു. ‘നമ്മൾ എന്തെല്ലാം പ്രതീക്ഷിച്ചാലും, ആഗ്രഹിച്ചാലും, നിയോഗം അത് നിമിഷങ്ങൾകൊണ്ട് എല്ലാം പറിച്ചെടുക്കും.
വൈകിട്ട് കഴിക്കാൻ ഭക്ഷണം തയ്യാറാക്കി മോനെ കാത്തിരിക്കുകയായിരുന്നു. വന്നത് ഒരു ഫോൺകാൾ മാത്രം. ചെറിയ കാര്യങ്ങൾക്ക് പോലും ദൈവത്തോട് പരിഭവിച്ച എനിക്ക് ഇനി ചോദിക്കാനോ പ്രാർത്ഥിക്കാനോ ഒന്നുമില്ല.
എന്റെ ചങ്ക് പറിച്ച് അവൻ പോയി’ എന്നാണ് ലക്ഷ്മിയുടെ വാക്കുകൾ.
എഞ്ചിനീയറിങ് വിദ്യാർത്ഥിയായിരുന്ന അനശ്വറിന് ഇലക്ട്രോണിക്സിൽ ഗവേഷണം നടത്താനും പഠനം പൂർത്തിയാക്കി ജപ്പാനിൽ പോകാനും വലിയ ആഗ്രഹമുണ്ടായിരുന്നുവെന്ന് ലക്ഷ്മി മുമ്പ് വ്യക്തമാക്കിയിരുന്നു.
ഫോട്ടോകൾ എടുക്കാൻ ഇഷ്ടമില്ലാത്ത സ്വഭാവക്കാരനായിരുന്ന മകന്റെ നിധിപോലെ സൂക്ഷിച്ച ചില ചിത്രങ്ങളും വിഡിയോകളും ലക്ഷ്മി ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.
‘ഭ്രമണം’, ‘കാര്യം നിസ്സാരം’ തുടങ്ങിയ പരമ്പരകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയയായ ലക്ഷ്മി ദേവൻ തിരക്കഥാ രചനയിലും കഴിവ് തെളിയിച്ചിട്ടുണ്ട്.
നിലവിൽ ‘ഹാപ്പി കപ്പിൾസ്’ എന്ന സീരിയലിലാണ് ലക്ഷ്മി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ആലീസ് എന്ന കഥാപാത്രത്തെയാണ് അവർ അവതരിപ്പിക്കുന്നത്.
English Summary
Television actress Lakshmi Devan shared an emotionally moving note following the tragic demise of her son Anaswar, who died in a road accident recently. Expressing her grief through social media, Lakshmi wrote heartbreaking words about waiting for her son and receiving only a phone call instead. She also recalled Anaswar’s dreams of pursuing research in electronics and traveling to Japan after completing his engineering studies. Lakshmi shared a few treasured photos and videos of her son, remembering him with deep love and sorrow. Lakshmi Devan is currently acting in the serial Happy Couples and is known for her work in television, films, and scriptwriting.
lakshmi-devan-emotional-note-after-son-anaswar-death
Lakshmi Devan, Anaswar death, serial actress, emotional note, road accident, Malayalam TV, celebrity grief, Happy Couples serial









