വന്ദേഭാരത് യാത്രയിലെ ദുരനുഭവം വിശദമാക്കി യുവാവ്
കൊച്ചി ∙ പുതുതായി ആരംഭിച്ച വന്ദേഭാരത് സ്ലീപ്പർ ട്രെയിനിൽ മാലിന്യം വലിച്ചെറിയുന്ന ദൃശ്യങ്ങൾ പുറത്തുവന്ന് ദിവസങ്ങൾക്കകം, കേരളത്തിൽ നിന്നൊരു യാത്രക്കാരൻ വന്ദേഭാരത് യാത്രയ്ക്കിടെ നേരിട്ട കടുത്ത ദുരനുഭവം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ്.
കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്ത സുജിൽ ചന്ദ്രബോസ് എന്ന യാത്രക്കാരനാണ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ തന്റെ അനുഭവം വിശദമാക്കിയത്.
വിൻഡോ സീറ്റ് മുൻകൂട്ടി ബുക്ക് ചെയ്താണ് സുജിൽ വന്ദേഭാരതിൽ കയറിയത്. എന്നാൽ അതേ സീറ്റിൽ ഒരു യുവതിയും അവരുടെ മക്കളും ഇരിക്കുന്നതായിരുന്നു.
സീറ്റ് താൻ ബുക്ക് ചെയ്തതാണെന്നും മാറിയിരിക്കാൻ കഴിയില്ലെന്നും സുജിൽ വ്യക്തമാക്കിയപ്പോള്‍, കുടുംബമായി യാത്ര ചെയ്യുന്നതിനാൽ ഒന്നിച്ച് ഇരിക്കണമെന്നും ആദ്യമായല്ല ട്രെയിനിൽ യാത്ര ചെയ്യുന്നതെന്നുമായിരുന്നു യുവതിയുടെ മറുപടി.
വന്ദേഭാരത് യാത്രയിലെ ദുരനുഭവം വിശദമാക്കി യുവാവ്
യാത്ര തുടങ്ങി അൽപസമയം കഴിഞ്ഞപ്പോൾ യുവതിയോടൊപ്പം ഉണ്ടായിരുന്ന കുട്ടി സീറ്റിന് മുന്നിലുള്ള ഭക്ഷണ ട്രേയിൽ കയറി നിൽക്കാൻ തുടങ്ങി.
യുവതി ഇത് ശ്രദ്ധിക്കാതെയും ഫോണിൽ മുഴുകിയും ഇരിക്കുകയായിരുന്നു. കുട്ടി വായിലുണ്ടായിരുന്ന വെള്ളം മുൻ സീറ്റിലിരുന്ന യാത്രക്കാരുടെ മേൽ ചീറ്റിയതോടെ അവിടെയിരുന്ന രണ്ട് കുട്ടികൾ എഴുന്നേറ്റ് പരാതിപ്പെട്ടു.
കുട്ടിയെ ട്രേയിൽ നിന്ന് ഇറക്കാൻ ആവശ്യപ്പെട്ടെങ്കിലും യുവതി യാതൊരു പ്രതികരണവും കാണിച്ചില്ല. വെള്ളം തുപ്പിയ കുട്ടി മാപ്പ് പറയാൻ പോലും തയ്യാറായില്ലെന്നും സുജിൽ പറയുന്നു.
അൽപനേരത്തിന് ശേഷം കുട്ടിയുടെ പാന്റ് അഴിച്ച് ഡയപ്പർ മാറ്റി, ഉപയോഗിച്ച ഡയപ്പർ സീറ്റിന് താഴെ ഉപേക്ഷിച്ചതായും കുറിപ്പിൽ പറയുന്നു.
യുവതിയോടൊപ്പം ഉണ്ടായിരുന്ന മകൾ ഡയപ്പർ മാറ്റണോയെന്ന് ചോദിച്ചപ്പോൾ, ക്ലീനിങ് സ്റ്റാഫ് എടുത്തുകൊള്ളുമെന്നായിരുന്നു യുവതിയുടെ മറുപടി.
ഈ സംഭവങ്ങൾ സഹിക്കാനാകാതെ കൊല്ലം എത്തിയപ്പോഴേക്കും സുജിൽ വിൻഡോ സീറ്റ് ഉപേക്ഷിച്ച് മറ്റൊരു സീറ്റിലേക്ക് മാറിയെന്നും അദ്ദേഹം പറയുന്നു.
“ദി ഗ്രേറ്റ് ഇന്ത്യൻ മദർഹുഡ്” എന്ന തലക്കെട്ടോടെയാണ് സുജിൽ തന്റെ കുറിപ്പ് ആരംഭിച്ചിരിക്കുന്നത്. സി11 കോച്ചിലെ 26-27 നമ്പർ സീറ്റുകളിലിരുന്ന യാത്രക്കാരിൽ നിന്നാണ് ഈ ദുരനുഭവമുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.
യാത്രയ്ക്കിടയിൽ റെയിൽവേ അധികൃതരോട് പരാതി നൽകാൻ ശ്രമിച്ചെങ്കിലും യാതൊരു പ്രതികരണവും ലഭിച്ചില്ലെന്നും കുറിപ്പിൽ പറയുന്നു.
പൊതുഗതാഗത സംവിധാനം ഉപയോഗിക്കുമ്പോൾ അല്പം കൂടുതൽ മാന്യമായി പെരുമാറേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് സുജിൽ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഈ കുറിപ്പിന് കീഴിൽ നിരവധി യാത്രക്കാർ തങ്ങൾക്ക് നേരിട്ട സമാന അനുഭവങ്ങൾ പങ്കുവച്ച് രംഗത്തെത്തിയതോടെ വിഷയം വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.









