മദ്യലഹരിയിൽ കയ്യേറ്റവും ചീത്തവിളിയും, പോലീസ് ജീപ്പിന്റെ ഗ്ലാസ് ചവിട്ടിപ്പൊട്ടിച്ചു; യുവാവ് അറസ്റ്റിൽ
കൊച്ചി: മദ്യലഹരിയിൽ ആളുകളോട് മോശമായി പെരുമാറിയതിന് കസ്റ്റഡിയിലെടുത്ത യുവാവ് പൊലീസ് ജീപ്പിന് നേരെ അക്രമം നടത്തുകയും പൊലീസിനെതിരെ കൈയേറ്റവും അസഭ്യവാക്കുകളും ഉപയോഗിക്കുകയും ചെയ്തു.
സംഭവത്തിൽ ഞാറയ്ക്കൽ സ്വദേശി ചിരട്ടപ്പുരയ്ക്കൽ ദേവദാസ് (23) അറസ്റ്റിലായി.
ശനിയാഴ്ച രാത്രി രാജഗിരി കോളജിന്റെ പ്രധാന ഗേറ്റിന് സമീപം മദ്യലഹരിയിൽ പൊതുജനങ്ങളോട് മോശമായി പെരുമാറിയതിനെ തുടർന്ന് ഇൻഫോപാർക്ക് പൊലീസ് ദേവദാസിനെ കസ്റ്റഡിയിലെടുത്തു.
തുടർന്ന് മെഡിക്കൽ പരിശോധനയ്ക്കായി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴാണ് പ്രതി അക്രമാസക്തനായത്.
പൊലീസുകാരെ ആക്രമിക്കാൻ ശ്രമിക്കുകയും രൂക്ഷമായി തെറിവിളിക്കുകയും ചെയ്ത ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മെഡിക്കൽ പരിശോധന കഴിഞ്ഞ് തിരികെ കൊണ്ടുപോകുന്നതിനിടെ രാത്രി 12.50ഓടെ തൃപ്പൂണിത്തുറ റെയിൽവേ ഓവർബ്രിഡ്ജിന് സമീപത്ത് വച്ച് പ്രതി വീണ്ടും അക്രമം നടത്തി.
പൊലീസ് ജീപ്പിന്റെ പിന്നിലെ വലതുവശത്തെ ക്വാർട്ടർ ഗ്ലാസ് ചവിട്ടിപ്പൊട്ടിച്ചതോടെ ഏകദേശം 3500 രൂപയുടെ നാശനഷ്ടം സംഭവിച്ചതായി എഫ്‌ഐആറിൽ പറയുന്നു.
പൊലീസിനെ ആക്രമിക്കുകയും സർക്കാർ സ്വത്ത് നശിപ്പിക്കുകയും ചെയ്ത കുറ്റത്തിന് ഞായറാഴ്ച രാവിലെ തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസ് ദേവദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് ഇയാളെ റിമാൻഡ് ചെയ്തു.
English Summary
A 23-year-old man was arrested in Kochi for attacking police personnel and damaging a police jeep after being taken into custody for misbehaving with the public under the influence of alcohol.
drunk-youth-attacks-police-jeep-tripunitura-arrested
Police Attack, Drunken Misconduct, Kochi Crime, Tripunithura, Public Disorder, Kerala News









