നവവധുവിന്റെ മൃതദേഹം സ്വന്തം വീടിനുമുന്നിൽ ഉപേക്ഷിച്ചു ഭർതൃവീട്ടുകാർ
പാട്ന: ബീഹാറിലെ വൈശാലി ജില്ലയിൽ നവവധുവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധത്തിനും ആശങ്കയ്ക്കും ഇടയാക്കിയിരിക്കുകയാണ്.
വൈശാലി സ്വദേശിനിയായ സരിത (28)യുടെ മൃതദേഹമാണ് സ്വന്തം വീടിന് മുന്നിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
യുവതിയുടെ ഭർതൃവീട്ടുകാരാണ് മൃതദേഹം വീടിന് മുന്നിൽ ഉപേക്ഷിച്ച് സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞതെന്നാണ് പ്രാഥമിക വിവരം.
സംഭവത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരമായി, മൃതദേഹം എത്തിച്ച വാഹനം ഒരു പൊലീസ് സബ് ഇൻസ്‌പെക്ടറുടെ പേരിൽ രജിസ്റ്റർ ചെയ്തതാണെന്നതും പുറത്തുവന്നിട്ടുണ്ട്.
ജനുവരി 16-ന് പുലർച്ചെ 12.30ഓടെയാണ് സംഭവം നടന്നത്. കറുത്ത നിറത്തിലുള്ള സ്‌കോർപിയോ കാറിൽ എത്തിയ ഒരു സംഘം സരിതയുടെ മൃതദേഹം വീടിന്റെ മുന്നിൽ ഇറക്കിവെച്ച് പെട്ടെന്ന് സ്ഥലത്ത് നിന്ന് മടങ്ങുകയായിരുന്നു.
രാവിലെ വീട്ടുകാർ പുറത്തുവന്നപ്പോഴാണ് വീടിന് മുന്നിൽ മൃതദേഹം കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
വീടിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിൽ വാഹനം എത്തുന്നതും മൃതദേഹം താഴെവയ്ക്കുന്നതും വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
കുറ്റകൃത്യത്തിന് ഉപയോഗിച്ച സ്‌കോർപിയോ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുസാഫർപൂർ ജില്ലയിൽ ജോലി ചെയ്യുന്ന സന്തോഷ് രജക് എന്ന പൊലീസ് സബ് ഇൻസ്‌പെക്ടറുടെ പേരിലാണ് വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്.
എന്നാൽ സബ് ഇൻസ്‌പെക്ടർക്ക് നേരിട്ട് സംഭവത്തിൽ പങ്കുണ്ടോ, അതോ വാഹനം മറ്റാരെങ്കിലും ദുരുപയോഗം ചെയ്തതാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഈ ദിശയിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ഒൻപത് മാസം മുൻപാണ് സരിത വൈശാലി സ്വദേശി സത്യേന്ദ്ര കുമാറുമായി വിവാഹിതയായത്. വിവാഹസമയത്ത് കുടുംബത്തിന്റെ സാമ്പത്തിക ശേഷിക്കുമപ്പുറം സ്ത്രീധനം നൽകിയിരുന്നു.
പിന്നീട് ഭർതൃവീട്ടുകാർ കൂടുതൽ പണം ആവശ്യപ്പെട്ട് സരിതയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
ഭൂമി രജിസ്‌ട്രേഷനെന്ന പേരിൽ എട്ട് ലക്ഷം രൂപ നൽകിയതായും, പിന്നീട് മൂന്ന് ലക്ഷം രൂപ കൂടി ആവശ്യപ്പെട്ട് സമ്മർദം ചെലുത്തിയിരുന്നുവെന്നും സരിതയുടെ പിതാവ് പറഞ്ഞു.
സരിതയുടെ കഴുത്തിൽ ഞെരിച്ചതിന്റെ വ്യക്തമായ പാടുകൾ ഉണ്ടെന്നും, ഇത് സ്വാഭാവിക മരണമല്ലെന്നും കുടുംബം ആരോപിക്കുന്നു.
പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സരിതയുടെ ഭർത്താവ് ഉൾപ്പെടെ അഞ്ച് പേർക്കെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. മൃതദേഹം വിശദമായ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ പ്രതികളെ തിരിച്ചറിയുന്നതിനായി വിവിധ സ്ഥലങ്ങളിൽ പൊലീസ് റെയ്ഡുകൾ തുടരുകയാണ്.
സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട കൊലപാതകമാണോ എന്ന കോണിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം ശക്തമാകുകയാണ്.









