‘മടുത്തമ്മേ, അവിടെ ജയില് പോലെയാണെന്ന് മോള് പറഞ്ഞിരുന്നു, എന്റെ കുട്ടി അങ്ങനെ ചെയ്യില്ല’
കൊല്ലം: കൊല്ലത്തെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI) ഹോസ്റ്റൽ മുറിയിൽ രണ്ട് വിദ്യാർത്ഥിനികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി സാന്ദ്രയുടെ കുടുംബം രംഗത്തെത്തി.
മരിക്കുന്നതിന് മുൻദിനം സാന്ദ്ര തങ്ങളെ വിളിച്ചിരുന്നുവെന്നും, സായി ഹോസ്റ്റലിലെ ജീവിതം ജയിലിൽ കഴിയുന്നതുപോലെയാണെന്ന് മകൾ പറഞ്ഞിരുന്നുവെന്നും മാതാപിതാക്കൾ ആരോപിച്ചു.
സ്ഥാപനത്തിൽ തുടരാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുണ്ടായിരുന്നതെന്നും സംഭവത്തിലെ ദുരൂഹത നീക്കാൻ നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.
സാന്ദ്രയ്ക്ക് മുമ്പുണ്ടായിരുന്ന വാർഡനുമായി നല്ല ബന്ധമുണ്ടായിരുന്നുവെങ്കിലും, ഒരു മാസം മുൻപ് വാർഡൻ മാറ്റിയതോടെ പ്രശ്നങ്ങൾ തുടങ്ങിയതായാണ് കുടുംബത്തിന്റെ ആരോപണം.
പുതിയ വാർഡനെ വിളിക്കരുതെന്ന് സായി ഇൻചാർജ് രാജീവ് നിർദേശിച്ചിരുന്നുവെന്നും, വിളിച്ചാൽ മകളെ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും സാന്ദ്രയുടെ അമ്മ സിന്ധു പറഞ്ഞു.
ഇക്കാര്യങ്ങൾ ഉൾപ്പെടെ വിശദമായ അന്വേഷണം അനിവാര്യമാണെന്നും കുടുംബം വ്യക്തമാക്കി.
കൊല്ലം എസ്.എ.ഐ ഹോസ്റ്റലിലാണ് കോഴിക്കോട് സ്വദേശിനിയായ പ്ലസ് ടു വിദ്യാർത്ഥിനിയും തിരുവനന്തപുരം സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാർത്ഥിനിയും മരിച്ച നിലയിൽ കണ്ടെത്തിയത്.
പുലർച്ചെ അഞ്ച് മണിയോടെ കായികപരിശീലനത്തിനായി കുട്ടികളെ കാണാതായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഹോസ്റ്റൽ മുറി അകത്തുനിന്ന് അടച്ച നിലയിൽ കണ്ടെത്തിയത്.
പലതവണ വിളിച്ചിട്ടും പ്രതികരണം ലഭിക്കാതിരുന്നതോടെ വാർഡനും മറ്റ് ജീവനക്കാരും ചേർന്ന് മുറി തുറക്കുകയായിരുന്നു. അകത്ത് ഫാനിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു രണ്ട് പെൺകുട്ടികളും.
മൃതദേഹങ്ങളിൽ നിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. മരണത്തിൽ ദുരൂഹതയില്ലെന്നും വ്യക്തിപരമായ പ്രശ്നങ്ങളാകാം ആത്മഹത്യയ്ക്ക് കാരണമെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മൊഴികളും തെളിവുകളും ശേഖരിച്ച് ഈസ്റ്റ് പൊലീസ് അന്വേഷണം തുടരുകയാണ്.
English Summary
The family of Sandra has raised serious allegations following the suicide of two students at the Sports Authority of India (SAI) hostel in Kollam. They claim Sandra had spoken to them a day earlier, describing hostel life as prison-like and unbearable. The family has demanded an impartial and thorough investigation, while police say preliminary findings suggest personal reasons behind the deaths.
kollam-sai-hostel-student-suicide-family-allegations
Kollam, SAI hostel, student suicide, Sandra, Sports Authority of India, Kerala news, police investigation









