മാനസിക ദൗർബല്യമുള്ള യുവാവിനെ പിതാവും സഹോദരനും ചേർന്ന് കൊലപ്പെടുത്തി
കൊല്ലം: ശാസ്താംകോട്ട മൈനാഗപ്പള്ളി സൊസൈറ്റി മുക്കിൽ നടന്ന ദാരുണമായ കുടുംബഹത്യ ജില്ലയെ നടുക്കിയിരിക്കുകയാണ്.
മാനസിക ദൗർബല്യമുള്ള യുവാവിനെ പിതാവും സഹോദരനും ചേർന്ന് കൊലപ്പെടുത്തിയ സംഭവത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
മാലീത്തറ ഉന്നതിയിൽ രാമകൃഷ്ണന്റെ മകൻ സന്തോഷ് (35) ആണ് സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്ക്ക് ഉണ്ടായ ഗുരുതര പരുക്കാണ് മരണകാരണമെന്നാണ് പൊലീസ് അറിയിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് പിതാവ് രാമകൃഷ്ണനെയും മൂത്ത സഹോദരൻ സനലിനെയും (36) പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സന്തോഷ് മാനസിക രോഗത്തിനുള്ള ചികിത്സയിലായിരുന്നുവെന്നും സ്ഥിരമായി മരുന്നുകൾ കഴിച്ചുവരികയായിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചു. സനലും സന്തോഷും അവിവാഹിതരാണ്.
മാനസിക ദൗർബല്യമുള്ള യുവാവിനെ പിതാവും സഹോദരനും ചേർന്ന് കൊലപ്പെടുത്തി
പൊലീസ് വിശദീകരണപ്രകാരം, കഴിഞ്ഞ രാത്രിയിലാണ് സംഭവം നടന്നത്. സന്തോഷിന്റെ അക്രമാസക്തമായ പെരുമാറ്റം നിയന്ത്രിക്കാൻ കഴിയാത്തതിനെ തുടർന്നുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്.
സന്തോഷിന്റെ ആക്രമണം സഹിക്കാനാകാതെ കമ്പിവടി ഉപയോഗിച്ച് തലയ്ക്ക് അടിച്ചുവെന്നാണ് പിതാവ് രാമകൃഷ്ണൻ മൊഴി നൽകിയതെന്ന് പൊലീസ് പറഞ്ഞു. രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്.
സംഭവസമയത്ത് വീട്ടിൽ രാമകൃഷ്ണനും മൂത്തമകൻ സനലും സന്തോഷും മാത്രമായിരുന്നു ഉണ്ടായിരുന്നത്. സഹോദരങ്ങൾ തമ്മിൽ ഉണ്ടായ സംഘർഷം നിയന്ത്രിക്കാൻ പിതാവ് ഇടപെട്ടപ്പോഴാണ് സ്ഥിതി കൂടുതൽ ഗുരുതരമായതെന്ന് പൊലീസ് പറയുന്നു.
സന്തോഷ് തുടർച്ചയായി ബഹളംവെക്കുകയും ഉപദ്രവം തുടരുകയും ചെയ്തതോടെ അവസ്ഥ കൈവിട്ടുപോയതായാണ് പ്രാഥമിക നിഗമനം.
പലവട്ടം സന്തോഷിനെ പിടിച്ചുമാറ്റാനും ശാന്തനാക്കാനും ശ്രമിച്ചെങ്കിലും ആക്രമണം തുടർന്നതോടെ പിതാവും സഹോദരനും ചേർന്ന് ഇയാളെ കിടക്കയിൽ പിടിച്ചുകിടത്തി കെട്ടിയിട്ടതായി അന്വേഷണത്തിൽ വ്യക്തമായി.
എന്നിട്ടും ബഹളം അടങ്ങാതായപ്പോൾ കണ്ണിൽ മുളകുപൊടി ഇടുകയും തുടർന്ന് കമ്പിവടി കൊണ്ട് തലയ്ക്ക് അടിക്കുകയുമുണ്ടായതായി പൊലീസ് അറിയിച്ചു. മൂന്നാമത്തെ അടിയിലാണ് തല പൊട്ടി രക്തസ്രാവം ഉണ്ടായത്.
ഗുരുതരമായി പരുക്കേറ്റ സന്തോഷിന് ഉടൻ വൈദ്യസഹായം നൽകാനോ അയൽവാസികളെയോ ബന്ധുക്കളെയോ വിവരം അറിയിക്കാനോ പിതാവും സഹോദരനും തയ്യാറായില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
രാത്രി മുഴുവൻ സംഭവം പുറത്തറിയിക്കാതെ വീട്ടിൽ തന്നെ തുടരുകയും, രാവിലെ മരണവിവരം പുറത്തുപറയുകയുമായിരുന്നു. തുടർന്ന് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പൊലീസിനെ വിവരം അറിയിച്ചത്.
വിവരം ലഭിച്ചതിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
സംഭവത്തിൽ കൊലപാതക കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാമകൃഷ്ണനും സനലും നിലവിൽ പൊലീസ് കസ്റ്റഡിയിലാണെന്നും വിശദമായ ചോദ്യംചെയ്യൽ നടക്കുകയാണെന്നും അന്വേഷണസംഘം അറിയിച്ചു.









